ആരാധനാലയ നിര്‍മാണ അനുമതി വീണ്ടും തദ്ദേശ സ്ഥാപനങ്ങളിലേക്ക്

ഭരണഘടനയുടെ 243 അനുച്ഛേദം പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്വങ്ങളും നിര്‍വചിച്ചിട്ടുള്ളത്
Permission to build a place of worship again to local bodies
ആരാധനാലയ നിര്‍മാണ അനുമതി വീണ്ടും തദ്ദേശ സ്ഥാപനങ്ങളിലേക്ക്|file image
Updated on

തിരുവനന്തപുരം: ആരാധനാലയങ്ങൾ നിര്‍മിക്കുന്നതിനും പുതുക്കിപണിയുന്നതിനും അനുമതി നല്‍കുന്നതിനുള്ള അധികാരം വീണ്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക്. ഇത് സംബന്ധിച്ച് ജില്ലാ കലക്റ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി 2021 സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയുണ്ടായി. കഴിഞ്ഞ മാസം 25ന് ഹൈക്കോടതി സ്റ്റേ നീക്കിയതോടെയാണ് ആരാധനാലയ നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനുള്ള അധികാരം വീണ്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയാണ് ജില്ലാ കലക്റ്റര്‍മാര്‍ക്കായി ഉത്തരവിറക്കിയത്.

2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് ഭേദഗതി ചെയ്ത് ജി ഒ(പി)19/2021 പ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ ഭരണകൂടത്തിന്‍റെ മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത്, അധികാരം തദ്ദേശ സ്ഥപനങ്ങള്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍, ചാലിശേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി നല്‍കിയ ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തു. ആരാധനാലയ നിര്‍മാണത്തിന് അനുമതി നല്‍കുന്നത് സംഘര്‍ഷത്തിനു കാരണമാകുമോയെന്നതിലടക്കം ജില്ലാ ഭരണകൂടം രഹസ്യവിവരം ശേഖരിച്ചു വിലയിരുത്തണമെന്നായിരുന്നു നിയമം.

എന്നാല്‍, മാനദണ്ഡങ്ങളിലെ ഭേദഗതിയിലൂടെ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്ന ഈ അധികാരം അതേപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ഇത് ചോദ്യംചെയ്താണ് ചാലിശേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 243 അനുച്ഛേദം പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്വങ്ങളും നിര്‍വചിച്ചിട്ടുള്ളത്. പഞ്ചായത്ത് സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ 11ാം ഷെഡ്യൂളിലുമാണുള്ളത്. എന്നാല്‍, രഹസ്യവിവരം ശേഖരിക്കലും നയ രൂപവത്കരണവും ഷെഡ്യൂൾ 11ന്‍റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ഹർജി ഹൈക്കോടതി തീര്‍പ്പാക്കിയതോടെയാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്.

Trending

No stories found.

Latest News

No stories found.