ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി. മനു മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മനുവിനോട് 10 ദിവസത്തിനുള്ളിൽ മജിസ്ട്രേറ്റിന്‍റെ മുന്നിൽ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു. അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്നും തൊഴിൽമേഖലയിലെ ശത്രുക്കളാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും കാട്ടിയാണ് പി.ജി മനു ഹർജി സമർപ്പിച്ചത്. ഇതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹര്‍ജിയിൽ പറയുന്നു.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ മാസമാണ് ഹൈക്കോടതി മനുവിന്‍റെ ജാമ്യാപേക്ഷാ ഹർജി തള്ളിയത്. തുടർന്ന് 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സമയപരിധി അവസാനിച്ചതിനാൽ മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് സുപ്രീംകോടതിയില്‍ ഇയാൾ ജാമ്യാപേക്ഷ നല്‍കിയത്.