പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

സംഭവം വിവാദമായതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് അടിയന്തര മീറ്റിങ് ചേരുന്നുണ്ട്.
Photoshoot of policemen at the 18th step; ADGP seeks report
ശബരിമല
Updated on

പത്തനംതിട്ട: പതിനെട്ടാം പടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ റിപ്പോർട്ട് തേടി എഡിജിപി എസ്. ശ്രീജിത്. പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം വിവാദമായതിന് പിന്നാലെയാണ് നടപടി. സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയത്. തിങ്കളാഴ്ചയാണ് ശബരിമല ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്.

സംഭവം വിവാദമായതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് അടിയന്തര മീറ്റിങ് ചേരുന്നുണ്ട്. ശബരിമല ഡ്യൂട്ടിക്ക് ശേഷം ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിച്ചിരുന്നു. ഇവരെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി തിരികെ വിളിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വിവാദമായി. വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തുകയും കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിക്കുകയും ചെയ്തു. പൊലീസ് ഉദ്യോസ്ഥർക്ക് ഇതിന് ഒത്താശ നൽകിയതിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ ആരോപിച്ചു.

മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും നടയടച്ച് ഇറങ്ങുമ്പോൾ പുറകോട്ടാണ് ഇറങ്ങുന്നത്. ആചാര ലംഘനം നടത്തിയ ഉദ്യോഗസ്ഥന്മാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.