നവകേരള സദസ്സിനോട് കോൺഗ്രസ് കാണിക്കുന്നത് പക: മുഖ്യമന്ത്രി

പുതിയ തലമുറ സർക്കാരിനു നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്നും മുഖ്യമന്ത്രി
പിണറായി വിജയൻ
പിണറായി വിജയൻ
Updated on

തിരുവനന്തപുരം: പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക എന്നിങ്ങനെ പകയാണ് നവകേരള സദസിനോട് കോൺഗ്രസ് കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തലമുറ സർക്കാരിനു നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നു. നവകേരള സദസ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്‍റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ "ഷൂ' എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസിന്‍റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങളില്ല. പരിപാടി എവിടെ എപ്പോൾ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങൾ. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്‍റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യർഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള സദസിൽ ലഭിച്ച പരാതികളുടെ പരിഹാരവുമായി ബന്ധപ്പെട്ടു ഫലപ്രദമായ ഇടപെടൽ നടത്തിവരികയാണ്. ചീഫ് സെക്രട്ടറിയാണ് മോണിറ്റർ ചെയ്യുന്നത്. ജില്ലകളിൽ കലക്റ്റർക്കു പുറമെ ഒരു ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കും. സമയബന്ധിതമായി പരാതി പരിഹാരം പൂർത്തിയാക്കും. നവകേരള സദസ് എൽഡിഎഫ് പരിപാടിയല്ല, യുഡിഎഫിനെതിരേയുള്ള പരിപാടിയുമല്ല, നാടിന്‍റെ പരിപാടിയാണ്. അതിലെ ജനപങ്കാളിത്തം ബഹിഷ്കരിച്ചവർക്ക് ഷോക്കായി. അതിന്‍റെ പരാക്രമമാണ് കാട്ടിക്കൂട്ടന്നത്- മുഖ്യമന്ത്രി പരിഹസിച്ചു.

ഇന്ത്യാ സ്കിൽസ് റിപ്പോർട്ട്- 2024ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.