തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയേണ്ടത് സംസ്ഥാനം അല്ല. ഗവർണർ തെറ്റിധരിച്ചതാണ്. വളച്ചൊടിച്ച കാര്യങ്ങളാണ് ഗവർണർ മനസിലാക്കിയിട്ടുള്ളത്. ഞാൻ നടത്താത്ത പരാമർശത്തിൽ വലിച്ചുനീട്ടൽ വേണ്ട. സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ഗവർണർ പറയണം. ദേശ വിരുദ്ധ പ്രവർത്തനമെന്നു പരാമർശിച്ചിട്ടില്ല. വിവാദ അഭിമുഖം ദ ഹിന്ദു തിരുത്തിയിരുന്നു. ഖേദ പ്രകടനവും നടത്തി. ഗവർണറുമായി തർക്കത്തിന് ഇക്കാര്യത്തിൽ ഇല്ല. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സ്വർണ്ണം പിടിച്ച കേസുകൾ മാത്രമാണ്' മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.
ചൊവ്വാഴ്ച മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചിരുന്നു. ഇരുവരേയും നേരിട്ട് വിളിപ്പിച്ചത് ശരിയായില്ലെന്ന് കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിന്‍റെ മറുപടിയായി ഗവർണറയച്ച കത്തിലാണ് മുഖ്യമന്ത്രിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ പറഞ്ഞത്.