pinarayi vijayan supported sfi
Pinarayi Vijayan

ഇടിമുറിയിൽ വളർന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ, അധിക്ഷേപിക്കാൻ ബോധപൂർവമായ ശ്രമം: പിണറായി

എസ്എഫ്ഐ ആയതുകൊണ്ട് മാത്രം 35 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇത്തരമൊരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോ?

തിരുവനന്തപുരം: നിയമസഭയിൽ എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷമുണ്ടാവുമ്പോൾ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി കൊല്ലപ്പെടുന്നവരിലും അധികം എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐ ആയതുകൊണ്ട് മാത്രം 35 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇത്തരമൊരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ക്യാമ്പസുകളില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ശ്രമിക്കണമെന്നും എം. വിന്‍സെന്‍റിന്‍റെ അടിയന്തരപ്രമേയത്തിന് മേൽ മറുപടി പറയായി മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan supported sfi
''എസ്എഫ്ഐ പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാവും'', ബിനോയ് വിശ്വം

കൊല നടത്തുക അതിനെ നിർലജ്ജം ന്യായീകരിക്കുക, കൊലയാളികളെ സംരക്ഷിക്കുക ഇതാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നത്. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. നിങ്ങൾ നടത്തിയ ആക്രമങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പടിപടിയുള്ള വളർച്ചയായിരുന്നില്ലേ എസ്എഫ്ഐയുടേത്. നടക്കാൻ പാടില്ലാത്തത് നടക്കുന്നുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നത് ഞങ്ങടെ പണിയല്ല. തെറ്റിനെ തെറ്റായി തന്നെ പറയുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ കാണാതെ ക്യാമ്പസുകളിൽ ആകെ ഗുണ്ടാവിളയാട്ടം എന്ന് പ്രചരിപ്പിക്കരുത്. പക്ഷപാരമായ പ്രചരണത്തിന് സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകാം. സർക്കാരിന് അത് അംഗീകരിക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.