തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിലെ സ്വര്‍ണക്കടത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തനിക്കൊന്നും മറയ്ക്കാനില്ലെന്നും, സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും, എന്നാല്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവും മുഖ്യമന്ത്രി അറിയിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താന്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തിനെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്‍റെ കൂടി ഉത്തരവാദിത്വമാണ്.
വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നല്‍കാന്‍ കാലതാമസമുണ്ടായത്. കേരള പോലീസിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലുള്ള അന്വേഷണ വിവരങ്ങള്‍ പ്രകാരമാണ് പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികള്‍ സ്വര്‍ണക്കടത്ത് പണം ഉപയോഗിക്കുന്നതായി പൊലീസിന്‍റെ സൈറ്റിലിലില്ല. സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നു എന്ന അര്‍ഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്.
ഇക്കാര്യം പോലീസ് തന്നെ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ശരിയല്ല. താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുത്- മറുപടിയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു.