പൈനാപ്പിളിന് വീണ്ടും റെക്കോഡ് വില

പൈനാപ്പിൾ പഴത്തിന് ആവശ്യക്കാർ കൂടിയതും ഉത്പാദനം കുറഞ്ഞതുമാണ് വില കുതിക്കാൻ കാരണം.
Pineapple hits record prices again
പൈനാപ്പിളിന് വീണ്ടും റെക്കോഡ് വിലfile
Updated on

മൂവാറ്റുപുഴ: പൈനാപ്പിളിനു കൂടുതൽ സ്വീകാര്യതയും ആവശ്യവും വർധിച്ചതോടെ വില വീണ്ടും റെക്കോഡിലേക്ക്. സ്പെഷൽ ഗ്രേഡ് പൈനാപ്പിളിന് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ 10 വർഷ ത്തെ ഏറ്റവും കൂടുതൽ വിലയാണ് ലഭിക്കുന്നത്.

പച്ചയ്ക്ക് 54 രൂപയും പഴുത്തതിനു 57 രൂപയും ലഭിക്കുന്നുണ്ട്. ചില്ലറ വില സ്പെഷൽ ഗ്രേഡ് പൈനാപ്പിളിന് 100 രൂപ വരെ എത്തിയിട്ടുണ്ട്. ഗ്രേഡ് ഒന്നും ഇല്ലാത്ത സാധാരണ പൈനാപ്പിളിനു പോലും 68 - 82 രൂപയാണു ചില്ലറ വിൽപന വില. പൈനാപ്പിൾ പഴത്തിന് ആവശ്യക്കാർ കൂടിയതും ഉത്പാദനം കുറഞ്ഞതുമാണ് വില കുതിക്കാൻ കാരണം. അഴുകൽ, ഫംഗസ് രോഗങ്ങൾ മൂലം പൈനാപ്പിൾ തോട്ടത്തിൽ 10 ശതമാനം പൈനാപ്പിൾ ഉപയോഗശൂന്യമാണ്.

പൈനാപ്പിൾ തൈകളുടെ ലഭ്യത കുറവു മൂലം പലയിടത്തും പൈനാപ്പിൾ കൃഷി പ്രതീക്ഷിച്ച പോലെ തുടങ്ങാനും സാധിച്ചിരുന്നില്ല. മഴ മാറി കടുത്ത വേനലിന്‍റെ കാലാവസ്‌ഥ അനുഭവപ്പെട്ടു തുടങ്ങിയതും പൈനാപ്പിൾ വില വർധിക്കാൻ പ്രധാന കാരണമായി. രാജസ്ഥാൻ, ഡൽഹി, ചെന്നൈ, മുംബൈ നഗരങ്ങളിലേക്കുള്ള കയറ്റുമതിയും വർധിച്ചു.

അതേസമയം ആന്ധ്രയ്ക്കു പുറമേ ഗുജറാത്തിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ പൈനാപ്പിൾ കൃഷിക്കു പിന്തുണ ലഭിച്ചതോടെ കൃഷി വിപുലമാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ 500 ഏക്കറിൽ പൈനാപ്പിൾ കൃഷി ആരംഭിക്കാനാണ് തീരുമാനം. ആന്ധ്രയിൽ പൈനാപ്പിൾ കൃഷി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി വാഴക്കുളത്തു നിന്ന് പൈനാപ്പിൾ ചെടികൾ (കാനി) കൊണ്ടുപോയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലും പൈനാപ്പിൾ കൃഷി വ്യാപിച്ചിട്ടുണ്ട്. വാഴക്കുളത്തു നിന്നുള്ള കർഷകരാണ് ഇവിടങ്ങളിൽ കൂടുതൽ പൈനാപ്പിൾ കൃഷി ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.