തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ഞങ്ങൾ മാധ്യമങ്ങളെ ക്യാമ്പസിലേക്ക് ക്ഷണിക്കുകയാണ്. നിങ്ങൾക്ക് പരിശോധിക്കാം, വിദ്യാർഥികളോട് ചോദിക്കാമെന്നും ആർഷോ പറഞ്ഞു.
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള മുതർന്ന നേതാക്കൾ വിധേയപ്പെട്ട് പോകരുത്. വസ്തുത മനസ്സിലാക്കണം.ചരിത്രമറിയില്ലെന്ന് പല നേതാക്കളും കുറ്റപ്പെടുത്തുന്നു. ചരിത്രം പഠിക്കുന്നവരാണ് ഞങ്ങൾ. പ്രവർത്തകർക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊഴിലാണ്ടിയിലെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അതിൽ തർക്കമില്ല.ഗൗരവമായി പരിശോധിക്കും. ഏരിയാ പ്രസിഡന്‍റിന്‍റെ ചെവി ഗുരുദേവ കോളെജ് പ്രിൻസിപ്പൽ അടിച്ചു തകർത്തു. കേൾവിക്ക് പ്രശ്നമുണ്ട്. എന്നാൽ ആരും അത് ചർച്ച ചെയ്യുന്നില്ല. പ്രസിഡന്‍റ് അധ്യാപകനോട് തട്ടി കയറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ നടപടി ന്യായീകരിക്കുന്നില്ല. ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് മുമ്പേയുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ കോളെജ് തയ്യാറാകണം. എസ്എഫ്ഐ പ്രസിഡന്‍റിനെയാണ് ആദ്യം അധ്യാപകൻ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു.
സിദ്ധാർഥന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് എസ്എഫ്ഐയെ അനാവശ്യമായി വലിച്ചിഴച്ചു. 3 പ്രവർത്തകർ പ്രതിയായി. അവരെ പുറത്താക്കിയിരുന്നു.സിബിഐ റിപ്പോർട്ട് വന്നിരുന്നു.അതിലെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.