അങ്കണവാടിയിൽ കുട്ടിക്ക് പരുക്കേറ്റ സംഭവം: ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസ്

കഴിഞ്ഞ ദിവസം വനിത ശിശു വികസന വകുപ്പ് ഓഫീസർ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു
Child injured after falling in Anganwadi: Case registered against teacher and helper
അങ്കണവാടിയിൽ വീണ് കുട്ടിക്ക് പരുക്കേറ്റ സംഭവം: ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു
Updated on

തിരുവനന്തപുരം: അങ്കണവാടിയിലെ ജനലിൽ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് പരുക്കേറ്റ സംഭവത്തിൽ അങ്കണവാടി ടീച്ചർക്കും ഹെൽപ്പർക്കുമെതിരേ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് മാറനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വനിതാ-ശിശു വികസന വകുപ്പ് ഓഫീസർ നടപടിയുടെ ഭാഗമായി ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസ്.

സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് കുട്ടിയുടെ അച്ഛൻ രതീഷ് വ‍്യക്തമാക്കി. കുട്ടിയുടെ ആരോഗ‍്യനില മെച്ചപ്പെട്ടതായും രതീഷ് കൂട്ടിച്ചേർത്തു. അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്നും കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ അങ്കണവാടി അധികൃതർ പരാജയപ്പെട്ടുവെന്നും രതീഷ് മാധ‍്യമങ്ങളോട് പറഞ്ഞു.

മാറനെല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിലെ ജനലിൽ നിന്ന് വീണ് പരുക്കേറ്റത്. കുട്ടി വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ നൽകാനോ അങ്കണവാടി അധികൃതർ തയാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.

വ‍്യാഴാഴ്ച വൈകുന്നേരം കുട്ടിയെ അച്ഛൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ കുട്ടി ഛർദിച്ചിരുന്നു വീട്ടിലെത്തിയ കുട്ടി ഛര്‍ദിക്കുന്നത് കണ്ട് ചോദിച്ചപ്പോള്‍ ഇരട്ട​ സഹോദരന്‍ വൈഷ്ണവാണ് മാതാപിതാക്കളോട് കാര്യം പറയുന്നത്. പരിശോധിച്ചപ്പോൾ പിൻകഴുത്തിന് സമീപം തടിപ്പ് കണ്ടെത്തി. ഉച്ചയ്ക്ക് 12നാണ് കുട്ടി വീണതെങ്കിലും ജീവനക്കാർ അറിയിക്കാതിരുന്നതിനാൽ വൈകിട്ട് 5 മണിയോടെയാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും കുട്ടിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു.

വീട്ടുകാര്‍ ചോദിച്ചപ്പോള്‍ കസേരയിൽ നിന്നു വീണതാണെന്നും പറയാന്‍ മറന്നെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി. പൊക്കം കുറഞ്ഞ കസേരയില്‍ നിന്ന് വീണാല്‍ ഇത്രയും ഗുരുതര പരുക്കേല്‍ക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിൽ ജീവനക്കാർ പറയുന്നത് നുണയാണെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.

ജനലില്‍ കയറി​ നിന്നപ്പോഴാണ് കുട്ടി വീണതെന്നാണ് സഹോദരനും മാതാപിതാക്കളോട് പറഞ്ഞത്. ഉയരത്തില്‍ നിന്ന് വീണിരിക്കാമെന്ന ഡോക്ട​ര്‍മാരുടെ നിരീക്ഷണവും ജനലിൽ നിന്നും വീണെന്ന നിഗമനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. സുഷുമ്ന നാഡിക്ക് പരുക്കേറ്റ കുട്ടി നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

Trending

No stories found.

Latest News

No stories found.