എം.ബി. സന്തോഷ്
തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും. അതിനുള്ള ഇന്ധനം അവർക്ക് കഴിഞ്ഞ ദിവസം വോട്ടെണ്ണിയ ഉപതെരഞ്ഞെടുപ്പുകളിലൂടെ ലഭിച്ചു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്നുള്ള വീണ്ടെടുപ്പാണ് ചേലക്കരയിലെ വിജയം എൽഡിഎഫിന് സമ്മാനിച്ചത്. ചേലക്കര നിയമസഭാ മണ്ഡലം നിലനിർത്താനായില്ലെങ്കിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു പ്രതീക്ഷയ്ക്കും എൽഡിഎഫിന് വകയില്ലായിരുന്നു. ചേലക്കരയിൽ ജയിച്ച ഉടൻ യു.ആർ. പ്രദീപും കെ. രാധാകൃഷ്ണൻ എംപിയും ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് "കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല' എന്നായിരുന്നു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 5,173 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ ഇടത്ത് 12,201 വോട്ടോടെ പ്രദീപ് ജയിച്ചത് 2016ൽ നേടിയ 10,200 വോട്ടുകളുടെ ഭൂരിപക്ഷം മറികടന്നാണ്. അതുകൊണ്ട് 2016ലെ തെരഞ്ഞെടുപ്പിലെ സ്ഥിതിയിലേക്ക് എത്തിയെന്നാണ് സിപിഎം അവകാശപ്പെടുന്നത്. പാലക്കാട്ട് വോട്ട് കൂടി എന്നുപറയുമ്പോഴും അവിടെ മൂന്നാമതാണ് എന്നത് സിപിഎമ്മിന്‍റെ വലിയ തോൽവിയാണ്. എൽഡിഎഫ് തരംഗം ആഞ്ഞുവീശിയ 2016ലും 2021ലും പാലക്കാട്ട് മൂന്നാം സ്ഥാനത്താണെന്നും അതിനെക്കാൾ കൂടുതൽ വോട്ട് ഇത്തവണ കിട്ടിയെന്നുമാണ് സിപിഎം വാദം.
രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് സിറ്റിങ് സീറ്റുകളിലെ ജയങ്ങളല്ലാതെ ഒരു സീറ്റു പോലും പിടിച്ചെടുക്കാൻ യുഡിഎഫിന് സാധിച്ചില്ല. ചേലക്കര പിടിച്ചെടുത്തിരുന്നെങ്കിൽ ആ രാഷ്‌ട്രീയ വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നു. "ഇപ്പോഴില്ലെങ്കിൽ ഇനിയില്ല' എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന നേതാക്കൾ ഇടപെട്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ എൽഡിഎഫ് ഭൂരിപക്ഷമായ 5,000 വോട്ട് മറികടക്കാൻ 6,000 വോട്ട് പുതിയതായി ചേർത്തതായി യുഡിഎഫ് അവകാശപ്പെട്ടിരുന്നു. അതും മറികടന്നാണ് സിപിഎമ്മിന്‍റെ മികച്ച ജയം എന്നുവരുമ്പോൾ ചേലക്കരയിലെ തോൽവി യുഡിഎഫിന്‍റെ പ്രതീക്ഷകൾക്കുമേൽ നിഴൽ വീഴ്ത്തുന്നു.
എന്നാൽ, പാലക്കാട്ടെ സിറ്റിങ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്താനായതിൽ കോൺഗ്രസിന് അഭിമാനിക്കാം. നവീൻ ബാബുവിന്‍റെ മരണം മുതൽ ഇ.പി. ജയരാജന്‍റെ ആത്മകഥാ വിവാദം വരെ യുഡിഎഫ് തെരഞ്ഞെടുപ്പു വേളയിൽ ഉയർത്തിവിട്ട പ്രശ്നങ്ങൾ എത്രത്തോളം ജനങ്ങളെ സ്വാധീനിക്കാനായി എന്ന് യുഡിഎഫിന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം പ്രതീക്ഷിച്ചപോലെ "ഈസി വാക്കോവർ' യുഡിഎഫിനെന്നല്ല ആർക്കും ഇല്ലെന്ന് ഈ ഫലം വ്യക്തമാക്കുന്നു.
പാലക്കാട്ടെ ശക്തികേന്ദ്രങ്ങളിൽ പിന്നോട്ട് പോയതാണ് ബിജെപിയെ വിയർപ്പിക്കുന്നത്. പാലക്കാട് നഗരസഭാ ഭരണം അതിനു നിമിത്തമായതിനു പുറമെ, സ്ഥാനാർഥി നിർണയത്തിലെ പോരായ്മയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ വിരുദ്ധ പക്ഷം ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ട് ആർഎസ്എസ് നേരിട്ടടപെട്ടിട്ടും കനത്ത തോൽവി ഉണ്ടായി എന്നതാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്. എന്നാൽ, കോൺഗ്രസിന്‍റെ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാട്ടിൽ പാർട്ടിക്ക് കെട്ടിവച്ച കാശ് പോയ നാണക്കേടുമുണ്ട്.
ഇതിനിടെ ബിജെപിക്ക് ആകെ ആശ്വാസം ചേലക്കരയിൽ വോട്ട് ഉയർത്താനായി എന്നതാണ്. "പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റിനോട് ചോദിക്കുന്നതാകും നല്ലതെ'ന്ന് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടതോടെ സുരേന്ദ്രന്‍റെ ഒപ്പമായിരുന്ന അദ്ദേഹവും കൈവിട്ടു എന്നാണ് സൂചന. എന്നാൽ, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതും ചേലക്കരയിൽ വോട്ടുയർത്തിയതും നിലവിലുള്ള നേതൃത്വമാണെന്ന് സുരേന്ദ്രൻ പക്ഷം ചൂണ്ടിക്കാട്ടുന്നു.