പൊന്നാനി പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു നിർദേശം.
ponnani assault case HC quashes order for probe
എസ്‌പി സുജിത് ദാസ്
Updated on

കൊച്ചി:​ പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈ​ക്കോ​ട​തി സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു നിർദേശം. ഇതിനെതിരെ സിഐ വിനോദ് സമർപ്പിച്ച ഹ‍‍ർജി​ പ​രി​ഗ​ണി​ച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചി​ന്‍റെ ഉത്തരവ് റദ്ദാക്കി​.​

എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

പൊ​ലീ​സി​ൽ ന​ൽ​കി​യ പരാതിയിൽ തുടർ​ നടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അന്വേഷണത്തിന് മ​ജി​സ്ട്രേ​റ്റ് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. നേരത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐ​ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

2022ൽ വീട്ടിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ വി​നോ​ദ്, ഡിവൈഎസ്‌പി ബെന്നി, മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവർ ബലാത്സംഗം ചെയ്‌തതെ​ന്നാ​യി​രുന്നു ആരോപണം. എസ്എച്ച്ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നതോദ്യോഗസ്ഥരെ സമീപിച്ചപ്പോൾ സുജിത് ദാസടക്കം ബലാത്സംഗം ചെയ്‌തതെന്നും വീട്ടമ്മ ആരോപിച്ചു. എസ് പി സുജിത്ത് മറ്റൊരു കേസിൽ സസ്പെൻഷനിലാണ്. സംഭവം വാർത്തയായതോടെ ആരോപണങ്ങൾ തള്ളി ഉദ്യോ​ഗസ്ഥർ രം​ഗത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.