പ്രമോദ് കോട്ടൂളി ഉന്നത നേതാക്കളുടെ സ്വന്തം ആൾ

കോഴ മാഫിയയിൽ സിപിഎമ്മിലെ പ്രമുഖരും കണ്ണികളെന്ന് സൂചന, കോട്ടൂളിയെ കുടുക്കിയത് പിണറാജിയുയെടും എം.വി. ഗോവിന്ദന്‍റെയും ഇടപെടൽ.
Pramod Kottooli
പ്രമോദ് കോട്ടൂളി
Updated on

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ സിപിഎം നടപടിക്ക് പിന്നാലെ കോഴിക്കോട് കേന്ദ്രമാക്കി സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കള്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാമ്പുറക്കഥകള്‍ പുറത്തേക്ക് വരുമെന്ന് സൂചന. കോഴിക്കോട്ടെ സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സമാന്തര സംഘം പ്രവര്‍ത്തിക്കുന്നുവെന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായ വിഷയമാണ്.

ഈ ശൃംഖലയിലെ കണ്ണിയായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശക്തമായി ഇടപെട്ടതാണ് മാസങ്ങള്‍ക്ക് മുമ്പ് ഒത്തുതീര്‍ത്ത പിഎസ്‌സി കോഴയില്‍ നടപടിക്ക് ജില്ലാ കമ്മിറ്റിയെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ തന്നെ മാത്രം ബലിയാടാക്കിയതിലുള്ള അമര്‍ഷമാണ് പ്രമോദ് കോട്ടൂളിയെ നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്.

പിഎസ്‌സി കോഴയിടപാടില്‍ പ്രമോദിന്‍റെ പങ്ക് ഇതിനോടകം വ്യക്തമായിട്ടുണ്ട്. രണ്ട് പ്രാദേശിക ബിജെപി നേതാക്കളുമായി ചേര്‍ന്നാണ് പ്രമോദ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യം ചെക്ക് വാങ്ങിയ ശേഷം പിന്നീട് അത് തിരികെ നല്‍കി പണം കൈപ്പറ്റിയെന്നും പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടത്രെ. ഏരിയാ കമ്മിറ്റി അംഗം മാത്രമാണെങ്കിലും സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളുമായി അടുത്തിടപഴകാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് പ്രമോദ് കോട്ടൂളി.

സിഐടിയുവിന്‍റെ പ്രമുഖ നേതാവിന്‍റെ പിന്തുണ പ്രമോദിന് ലഭിച്ചിരുന്നു. അതേസമയം കുറേക്കാലമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ എതിര്‍ചേരിയിലാണ് പ്രമോദ് നിലയുറപ്പിച്ചിരിക്കുന്നത്. തന്‍റെ പേരു പറഞ്ഞ് നിയമനത്തിന് പണം വാങ്ങിയ വിവരം പുറത്തുവന്നതോടെ റിയാസ് തന്നെയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ജില്ലാ നേതൃത്വം ഒതുക്കാന്‍ ശ്രമിച്ച കോഴ വിവാദം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും സിപിഎമ്മിലെ ഒരു വിഭാഗമാണ്.

പിഎസ്‌സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ ഇല്ലെന്നും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ കാര്യങ്ങളാണ് പ്രമോദിനെതിരെ കണ്ടെത്തിയതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറയുന്നത്. എന്നാല്‍ എന്താണ് അച്ചടക്ക ലംഘനമെന്ന് വിശദീകരിക്കാന്‍ തയ്യാറുമല്ല. പ്രമോദിനെതിരെ നടപടിയെടുക്കുമ്പോള്‍ തന്നെ കോഴ ഇടപാടിലുള്‍പ്പെട്ട ചില പ്രമുഖരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമോദിനെ നിശബ്ദനാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോഴമാഫിയയിലെ കണ്ണികളായ പ്രമുഖരുടെ പേരുകള്‍ വരും ദിവസങ്ങളില്‍ പുറത്തേക്ക് വരും.

Trending

No stories found.

Latest News

No stories found.