തിരുവനന്തപുരം: രാജ്യത്ത് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം തടയാൻ കേരളം മുന്നോട്ടുവച്ച ബദൽ മാതൃക ജനങ്ങൾക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ വിലക്കയറ്റത്തെ ഗൗരവത്തോടെ കാണുന്നില്ല. ഇന്ത്യയിൽ വിലക്കുറവ് കുറഞ്ഞതോതിൽ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്.
നിത്യോപയോഗ സാധനങ്ങൾ വലിയ വിലക്കുറവിലാണ് സപ്ലൈകോ ലഭ്യമാക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറിൽ നൽകുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 45 ശതമാനം വരെ വിലക്കുറവിൽ വിതരണം ചെയ്യും. 255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭിക്കുന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ഉപേക്ഷിക്കുന്നതിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മാത്രമാണ് ഒഴിവാക്കിയത്.
വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേർക്കും 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അധ്യക്ഷനായിരുന്നു. മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപ്പന നിർവഹിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓണക്കാലത്ത് നൽകുന്ന അഞ്ച് കിലോ അരിയുടെ വിതരണം അടുത്ത ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്‍റണിരാജു എംഎൽഎ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, സപ്ളൈകോ സിഎംഡി പി. ബി നൂഹ് തുടങ്ങിയവർ സംബന്ധിച്ചു.