കൊച്ചി: സിനിമ റിവ്യൂ ബോംബിങ്ങിനെതിരേ കടുത്ത നിലപാടെടുത്ത് നിർമാതാക്കൾ. തിയെറ്റർ റിവ്യൂ അനുവദിക്കില്ലെന്നു നിർമാതാക്കൾ വ്യക്തമാക്കി. പ്രമോഷൻ പരിപാടികളിൽ അക്രഡിറ്റേഷൻ നിർബന്ധമാക്കും. അവരെ മാത്രമേ സിനിമ പ്രമോഷനുകളിൽ പങ്കെടുപ്പിക്കൂവെന്ന് നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.
മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തിയാകും അക്രഡിറ്റേഷൻ നൽകുക. വാർത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങുകാരെയും നിയന്ത്രിക്കും. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒൻപതു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു വിശേഷിപ്പിക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് വ്ലോഗർമാർ റിവ്യൂ ബോംബിങ് നടത്തുന്നുവെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
വ്ലോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് സിനിമ നിർമാതാക്കൾ പരാതി നൽകിയിരുന്നു. സ്കൂൾ അധ്യാപകനായ അശ്വന്ത് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണു പരാതി.
സിനിമകളെ വികലമായ രീതിയില്‍ റിവ്യു ചെയ്ത് അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിനു പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതി നൽകിയത്. വിഷയത്തില്‍ മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.