കൊച്ചി: അരിക്കൊമ്പനെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ വീണ്ടും സമരത്തിലേക്ക്. നെന്മാറ എംഎൽഎ എ കെ ബാബുവിന്‍റെ നേതൃത്വത്തിൽ പറമ്പികുളം ഡിഎഫ്ഒയുടെ ഓഫീസിന് മുന്നിൽ നളെ മുതൽ സത്യാഗ്രഹം ആരംഭിക്കും.
അരിക്കൊമ്പനെ പറമ്പികുളത്തേക്കെത്തിക്കുന്നതിൽ വാൽപ്പാറ നിവാസികളും പ്രതിഷേധം ഉയർത്തുന്നുണ്ട്. പറമ്പികുളത്ത് അരിക്കൊമ്പൻ എത്തിയാൽ വാൽപ്പാറയിലെ ജനങ്ങളുടെ ജീവിതത്തെയും വിനോദ സഞ്ചാര മേഖലയെയും തോട്ടം മേഖലയെയും അത് സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്, കേരള - മുഖ്യമന്ത്രിമാർക്ക് പ്രദേശവാസികൾ നിവേദനം നൽകി.
അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ കോടതിയെ അനുസരിക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. പുതിയ സ്ഥലം കണ്ടെത്തി വനം വകുപ്പ് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പറമ്പിക്കുളത്തിന് പുറമെ മറ്റ് സ്ഥലങ്ങൾ നിർദേശിക്കാൻ ഉണ്ടെങ്കിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. മൂന്ന് സ്ഥലങ്ങൾ കൂടി സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ തീരുമാനം അറിയിക്കാൻ സർക്കാർ ഹൈക്കോടതിയിൽ കൂടുതൽ സമയം ചോദിച്ചേക്കും.