തിരുവനന്തപുരം: ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ വിശിഷ്ടാതിഥികള്‍ക്ക് വലിയ കൈയടി ലഭിച്ചപ്പോൾ അക്കാഡമി ചെയർമാൻ രഞ്ജിത്തിനു കൂവല്‍. കഴിഞ്ഞ തവണയും ഇതേവേദിയിൽ രഞ്ജിത്തിനു കൂവൽ കിട്ടിയിരുന്നു. സ്വാഗത പ്രസംഗത്തിനു ക്ഷണിച്ചതിനിടെയാണു രഞ്ജിത്തിനെതിരേ കാണികളിൽ ചിലർ കൂവിയത്. എന്നാല്‍, പ്രതിഷേധം ഗൗനിക്കാതെ പ്രസംഗിച്ച രഞ്ജിത്ത് മേളയുടെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്ര അക്കാഡമിയിലെ ജീവനക്കാരെ എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചു.
ക്ലാസ് ഫോർ ജീവനക്കാരെയടക്കം പേരെടുത്ത് സമാപന ചടങ്ങിലേക്ക് ക്ഷണിച്ച രഞ്ജിത്ത് എന്നാല്‍ അക്കാഡമി കൗൺസിൽ അംഗങ്ങളുടെ ഒരാളുടെ പേര് പോലും പറഞ്ഞില്ല. എല്ലാവരും മേള കഴിഞ്ഞ് പിരിയും. എന്നാൽ, ഇവർ എന്നും അക്കാഡമിക്കൊപ്പം നിൽക്കുന്നവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരെ രഞ്ജിത്ത് വേദിയിലേക്കു ക്ഷണിച്ചത്.
നടന്‍ ഭീമന്‍ രഘുവിനെതിരേയും സംവിധായകന്‍ ഡോ. ബിജുവിനെതിരേയും രഞ്ജിത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ചലച്ചിത്ര അക്കാഡമിയിലെ 9 ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യപ്പെട്ട് അക്കാഡമി സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രഞ്ജിത്ത് രാജി ആവശ്യം തള്ളുകയാണ് ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും പറഞ്ഞ അഭിപ്രായം വ്യക്തിപരമായിരുന്നുവെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു രഞ്ജിത്തിന്‍റെ നിലപാട്. ഇതിനു പിന്നാലെ ചെയര്‍മാനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തി.
ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നുകില്‍ രഞ്ജിത്ത് തന്‍റെ പരാമര്‍ശങ്ങള്‍ തിരുത്തണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും മനോജ് കാന ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ രഞ്ജിത്തിനു നേരേ കൂവലുയര്‍ന്നത്.