ഈരാറ്റുപേട്ട: തിരുവോണ ദിനത്തിൽ അന്തരിച്ച 'ജനയുഗം' ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്. രശ്മിക്ക് (38) അന്ത്യാഞ്ജലി.
തിടനാട് പുതുപ്പറമ്പിൽ പി.എൻ. സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. 'ടൈംസ് ഓഫ് ഇന്ത്യ' ഫൊട്ടൊഗ്രാഫർ ദീപപ്രസാദാണ് ഭർത്താവ്. മാതാപിതാക്കൾക്കൊപ്പം ഓണമാഘോഷിക്കാൻ നാട്ടിലെത്തിയ രശ്മിക്ക് ഞായറാഴ്ച രാവിലെയോടെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: പി.എസ്. സുസ്മി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നടത്തി.
2007ൽ ജനയുഗത്തിൽ ജോലിയിൽ പ്രവേശിച്ച രശ്മി കൊച്ചി ബ്യൂറോ, ഡെസ്ക് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് തിരുവനന്തപുരത്തേക്കു പോയത്.
തിങ്കളാഴ്ച തിടനാട്ടിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ പ്രമുഖരെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുൻ എംഎൽഎ പി.സി. ജോർജ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. വി.കെ. സന്തോഷ് കുമാർ, ഒ.പി.എ. സലാം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ. ജോർജ്, ജില്ലാ കൗൺസിലംഗം എം.ജി. ശേഖരൻ, മണ്ഡലം സെക്രട്ടറി ഇ.കെ. മുജീബ്, ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എൻ. ഹരി, കേരള പത്രപ്രവർത്ത യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത, നിയുക്ത പ്രസിഡന്‍റ് കെ.പി. റെജി, നിയുക്ത സെക്രട്ടറി സുരേഷ് എടപ്പാൾ, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അനുപമ ജി. നായർ, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി അനീഷ് കുര്യൻ, തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് സ്കറിയ ജോസഫ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.