പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി

ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി
Updated on

വയനാട്: വയനാട് പുൽപ്പള്ളിയിൽ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി രമാ ദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

എബ്രഹാമിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും വഞ്ചനാ കുറ്റവും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടികളുടെ വായ്പാ തട്ടിപ്പിൽ ബാങ്ക് ഭരണ സമിതി കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും നാല് വർഷമായി വിജിലൻസ് ഇവർക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. പ്രതിഷേധങ്ങൾ ഉയർന്നതോടെ നടപടികൾ വേഗത്തിലാക്കുമെന്ന് വിജിലൻസ് അറിയിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ.

ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബാങ്ക് രേഖാപ്രകാരം രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ട്. എന്നാല്‍ 80,000 രൂപ മാത്രമാണു താൻ വായ്പയെടുത്തതെന്നും, ബാക്കി തുക തന്‍റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രന്‍റെ പരാതി. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

2017 ലാണ് രാജേന്ദ്രൻ കോടതിയിൽ പരാതി നൽകിയത്. 70 സെന്‍റ് സ്ഥലവും വീടും ഈട് വച്ചിരുന്നു. ഇതിന്‍റെ മറവിലാണ് കോണ്‍ഗ്രസ് ഭരണസമിതി രാജേന്ദ്രനെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്നായിരുന്നു ആരോപണം. വായ്പാ തട്ടിപ്പ് കേസില്‍ ഏഴ് മാസത്തോളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയിരുന്നു. എന്നാൽ, കേസ് എടുത്തു എന്ന് പറഞ്ഞതല്ലാതെ രാജേന്ദ്രന് നീതി ലഭിച്ചില്ല.

73,000 രൂപയുടെ കടബാധ്യതയാണ് ഇന്ന് 41 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുന്നതെന്നും രാജേന്ദ്രന്‍റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നാട്ടുകാർ ആരോപിച്ചു. സഹകരണ ബാങ്കിന്‍റെ വായ്പാ തട്ടിപ്പിന്‍റെ ഇരയാണ് രാജേന്ദ്രനെന്നും നാട്ടുകാർ പറയുന്നു.ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോയതോടെയാണ് രാജേന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ആരോപിച്ചു. ഇതിനു പിന്നാലയാണ് കോൺഗ്രസ് നേതാവിന്‍റെ അറസ്റ്റ്.

Trending

No stories found.

Latest News

No stories found.