തിരുവനന്തപുരം: നടിയ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കർശന ഉപാധികളോടെ പുറത്തേക്ക്. ഏഴര വർഷത്തിനു ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. കൊച്ചിയിലെ വിചാരണക്കോടതിയാണ് സുനിയുടെ ജാമ്യവ്യവസ്ഥകൾ നിശ്ചയിച്ചത്.
മാധ്യമങ്ങൾ, പ്രതികൾ, സാക്ഷികൾ എന്നിവരോട് സംസാരിക്കരുതെന്നും അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുതെന്നും ഒരു സിം മാത്രമേ ഉപയോഗിക്കാവൂ എന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണം. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് സുനി പുറത്തിറങ്ങുന്നത്.
വിചാരണക്കോടതി നടപടികളെ സുപ്രീം കോടതി വിമർശിച്ചിരുന്നു. കേസിലെ വിചാരണ അടുത്തൊന്നും തീരാൻ സാധ്യതയില്ലാത്തതിനാൽ സുനിയെ ഒരാഴ്ചയ്ക്കകം ജാമ്യത്തിൽ വിടാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സുനിക്ക് ജാമ്യം ലഭിച്ചത്. സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.