#എം.ബി. സന്തോഷ്
മണ്ഡലത്തിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനുവേണ്ടി അദ്ദേഹത്തിന്റെ മകനോ മകളോ മത്സരത്തിനിറങ്ങുമ്പോൾ സഹതാപതരംഗത്തിന്റെ സാധ്യത സിപിഎം തിരിച്ചറിയുന്നു. ആ സാഹചര്യത്തിൽ പാർട്ടി ചിഹ്നത്തിലോ അല്ലാതെയോ മത്സരിക്കാനാവുന്ന സ്വതന്ത്രനാവും അഭികാമ്യം എന്ന അഭിപ്രായം സിപിഎം കേന്ദ്രങ്ങളിൽ ഉയർന്നിട്ടുണ്ട്.
നിലവിലെ പരിഗണന വച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടിയുടെ പ്രതിയോഗികളായിരുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക് സി. തോമസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റജി സഖറിയയും ആണ് മുന്നിലുള്ള പ്രമുഖർ. ഇപ്പോഴത്തെ അവസ്ഥയിൽ ഇവരെ ഒഴിവാക്കണമെന്ന അഭിപ്രായവും ഒരുവിഭാഗം നേതാക്കൾക്കുണ്ട്.
പുതുപ്പള്ളിയിൽ രാഷ്ട്രീയമായി എൽഡിഎഫ് മുന്നണിലാണ്. ചരിത്രത്തിൽ ആദ്യമായി 6 പഞ്ചായത്തിലും എൽഡിഎഫ് ആണ് അധികാരത്തിലുള്ളത്. അയർക്കുന്നം, മീനടം എന്നിവിടങ്ങളിൽ മാത്രമായി യുഡിഎഫ് ഒതുങ്ങി. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ വന്നതോടെ കോട്ടയത്തെ സമവാക്യം അടിപടലെ മറിഞ്ഞു. എന്നാൽ, ഇത് അടുത്തുവരുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രകടമാവുമെന്ന് എൽഡിഎഫ് നേതാക്കൾ പോലും കരുതുന്നില്ല. ഉമ്മൻചാണ്ടിയുടെ വിലാപയാത്ര തുടങ്ങിയതു മുതൽ പുതുപ്പള്ളിയിൽ സംസ്കാരം നടക്കുന്നതു വരെ അതിൽ മന്ത്രി വി.എൻ. വാസവൻ പങ്കെടുത്തത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇരുമുന്നണികളിലും ഔപചാരികമായി സ്ഥാനാർഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ല. യുഡിഎഫിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോ മകൾ അച്ചു ഉമ്മനോ മത്സരിക്കാനാണ് സാധ്യത. കോട്ടയ്ക്കലിൽ ആയുർവേദ ചികിത്സയിലുള്ള രാഹുൽ ഗാന്ധിയുടെ താത്പര്യവും തീരുമാനത്തിൽ പ്രതിഫലിക്കും. ചാണ്ടി ഉമ്മന് അയോഗ്യതയൊന്നുമില്ല എന്ന് ഉമ്മൻ ചാണ്ടിയുടെ വലംകൈയായിരുന്ന മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞതു ശ്രദ്ധേയമായി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നല്ല സ്ഥാനാർഥിയെങ്കിൽ അത് എളുപ്പത്തിൽ നിർണയിക്കാനാവില്ല എന്ന യാഥാർഥ്യവും കോൺഗ്രസിനെ തുറിച്ചുനോക്കുന്നു.