കോട്ടയം: ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്നുണ്ടായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മുതൽ കോട്ടയം ബസേലിയോസ് കോളെജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ. ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.
മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുക.
തുടർന്ന് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും 5 വിവി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിനു സുരക്ഷയ്ക്കായി 32 സിഎപിഎഫ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പോലീസ് ബറ്റാലിയനും ഉണ്ടാകും.
ഉപതെരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം. വോട്ടർ ഹെൽപ്ലൈൻ (Voter Helpline) എന്ന മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ റിസൽറ്റ് ട്രെൻഡ് ടിവിയിലും (https://eci.gov.in/it-applications/web-applications/results-trends-tv-r43/) രാവിലെ 8 മുതൽ ഫലം ലഭ്യമാകും.