സ്ഥാനമാറ്റം ഉറപ്പ്; എഡിജിപിക്കോ അൻവറിനോ ജലീലിനോ?

മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട ജലീലും അൻവറും പരാതി ആവർത്തിച്ചതിനു പുറമേ അതിരൂക്ഷമായാണു പ്രതികരിച്ചത്
pv anvar allegations against mr ajith kumar sujithdas
PV Anwar, MLA
Updated on

എം.ബി.സന്തോഷ്

തിരുവനന്തപുരം: സ്ഥാനമാറ്റം ഉറപ്പ്. അതു ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനാണോ ഇടത് എംഎൽഎമാരായ ഡോ.കെ.ടി. ജലീലിനും പി.വി. അൻവറിനുമാണോ എന്നതാണ് അറിയാനുള്ളത്.

മുഖ്യമന്ത്രിക്ക് പിന്നാലെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട ജലീലും അൻവറും പരാതി ആവർത്തിച്ചതിനു പുറമേ അതിരൂക്ഷമായാണു പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ പരാതി ആവർത്തിച്ച അൻവർ പിന്നോട്ടില്ലെന്നും പരസ്യമായി അറിയിച്ചു. അതുകൊണ്ടുതന്നെ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഈ വിഷയം അവഗണിക്കാനാവില്ല.

എഡിജിപി അജിത് കുമാർ മുഖ്യമന്ത്രിയുടെ സന്ദേശവാഹകനായി ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയെ സന്ദർശിച്ചെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിക്കുന്നതും ഇതുമായി ചേർത്തുകാണേണ്ടിവരും. മുഖ്യമന്ത്രി എഡിജിപിയെ വഴിവിട്ട് സംരക്ഷിക്കുകയാണെന്ന പ്രതീതിയുണ്ടാകുന്നതു സെക്രട്ടേറിയറ്റിന് പരിശോധിക്കേണ്ടിവരും. അതിനാൽ, അജിത് കുമാറിനെ മാറ്റാനാണു സാധ്യത.

ശശിക്കെതിരേയുള്ള നടപടിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാവും നിർണായകം. പൊളിറ്റിക്കൽ സെക്രട്ടറി പദം പാർട്ടി സ്ഥാനം അല്ലാത്തതിനാൽ സമ്മേളനകാലത്തും നടപടിയെടുക്കാൻ തടസമില്ല. അതും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ശശി തുടരുന്നത് അൻവറും ജലീലും സഹിച്ചേക്കാം. എന്നാൽ, അജിത് കുമാറിനെ ഇരുവരും അംഗീകരിക്കില്ല. അദ്ദേഹത്തിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ ഇരുവരും കടുത്ത നീക്കത്തിലേക്കു കടന്നേക്കാം. അതിന് സെക്രട്ടേറിയറ്റ് അവസരമൊരുക്കില്ലെന്നു കരുതുന്നു. സിപിഎമ്മിന്‍റെ സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ പിന്തുണയോടെ അംഗമാകാമെന്ന് പ്രതീക്ഷിക്കുന്ന പി.ശശിയെ ലക്ഷ്യമിട്ട് കണ്ണൂരിലെ എതിർ വിഭാഗത്തിന്‍റെ ഇടപെടലാണ് അൻവറിന്‍റെയും ജലീലിന്‍റെയും വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാൽ,അത്തരമൊരു അജൻഡയുമില്ലെന്നും സിപിഎം പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും അനുഭവിക്കേണ്ടി വന്നതാണ് തങ്ങളിലൂടെ പുറത്തുവന്നതെന്നും അൻവറും ജലീലും ആണയിടുന്നു.

Trending

No stories found.

Latest News

No stories found.