'എലി അത്ര മോശം ജീവിയല്ല, കീഴടങ്ങിയിട്ടില്ല, പോരാട്ടം തുടങ്ങിയതേയുള്ളു': പി.വി. അന്‍വര്‍

സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ട്.
pv anwar after meeting mv govindan
പി.വി. അന്‍വര്‍
Updated on

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിക്ക് പരാതി കൈമാറി. എകെജി സെന്‍ററിന് സമീപമുള്ള ഗോവിന്ദന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടം തുടങ്ങിയിട്ടേയുള്ളു എന്നും പി.വി. അന്‍വർ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. താന്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂ. പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു. എം.വി. ഗോവിന്ദന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം താന്‍ മറുപടി നല്‍കി. സര്‍ക്കാര്‍ ഭയപ്പെട്ടിട്ടാണ് നടപടിയെടുക്കാത്തതെന്ന് വിശ്വസിക്കുന്നില്ല. സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ട്. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ ലോബിക്ക് എതിരെയുള്ള വിപ്ലവമാണ് ഇത്. താന്‍ ഉന്നയിച്ചത് ലക്ഷക്കണക്കിന് സഖാക്കൾ പറയാനാഗ്രഹിച്ച കാര്യമാണ്. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. അതിന് ഉത്തരവാദി മുഖ്യമന്ത്രി അല്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളിൽ നീതിപൂ‍ർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത്കുമാർ ചുമതലയിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട ശേഷം അന്‍വര്‍ എലിയായി മാറിയെന്ന വിമര്‍ശനത്തിനും എംഎല്‍എ മറുപടി പറഞ്ഞു. എലി അത്ര മോശം ജീവിയല്ല, അത് വീട്ടില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കും. താന്‍ എലിയായാലും കുഴപ്പമില്ല. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ. താൻ പരാതിയുമായി മുന്നോട്ട് പോകുമെന്നും അൻവർ പ്രതികരിച്ചു

പരാതി പാര്‍ട്ടി സംഘടനാപരമായി പരിശോധിക്കണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് ഗോവിന്ദന് കൈമാറിയത്. അന്‍വറിന്‍റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിക്കും.

Trending

No stories found.

Latest News

No stories found.