PV Anwar with another allegations against ajith kumar solar case
പി.വി. അൻവർfile

'എഡിജിപി സോളാർ കേസ് അട്ടിമറിച്ചു, തിരുവനന്തപുരത്ത് കൊട്ടാരം പണിയുന്നു'; വീണ്ടും ശബ്‌ദ സന്ദേശവുമായി പി.വി. അന്‍വര്‍

എം.ആർ. അജിത്ത കുമാറിന്‍റെ സംഘം വിമാനത്താവളത്തിൽ നിന്നു കോടികളുടെ സ്വർണം കടത്തിയിട്ടുണ്ടെന്നും പി.വി. അന്‍വര്‍
Published on

മലപ്പുറം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപിക്ക് പങ്കുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തയതിന്‍റെ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിന്‍റെ പ്രധാന ഉത്തരവാദി അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിച്ചു.

കേരള ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസാണ് സോളാർ കേസ്. അത് അട്ടിമറിച്ചത് എങ്ങനെയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയതാണിത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റി. ആവശ്യമായ പണം പ്രതികളുടെ കൈയിൽ നിന്ന് വാങ്ങിക്കൊടുക്കാമെന്ന് അജിത് കുമാർ സരിതയ്ക്ക് ഉറപ്പ് നൽകി. ഇതോടെയാണ് സരിത പല മൊഴികളും മാറ്റിയത്.

എടവണ്ണ കേസിൽ എഡിജിപി നിരപരാധിയെ കുടുക്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി എഡിജിപി അജിത് കുമാറിന് ബന്ധമുണ്ട്. കവടിയാർ കൊട്ടാരത്തിനടുത്ത് എഡിജിപി ആഡംബര വീട് പണിയുന്നുണ്ട്. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് പണിയുന്നത്. ഇവിടെ10 സന്‍റ് സ്ഥലം അജിത് കുമാറിന്‍റെയും 12 സെന്‍റ് സഹോദരന്‍റെയും പേരിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. 65 മുതൽ 75 ലക്ഷം വരെയാണ് സെന്‍റിന് വിലയെന്നും അൻവർ പറഞ്ഞു

കൂടാതെ അജിത് കുമാറിന്‍റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കൈയിലുണ്ട്. മുഖ്യമന്ത്രിയെ കണ്ട് താൻ പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കും.അന്വേഷണ സംഘത്തിനോട് സഹകരിച്ച് എല്ലാ തെളിവുകളും കൊടുക്കുമെന്നും ഒരു റിട്ടയർഡ് ജഡ്ജിയെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അൻവർ അറിയിച്ചു.