കാസരർഗോഡ്: എൽഎൽബി പരീക്ഷ ചോദ്യ പേപ്പറിൽ എഡിഎം കെ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മഞ്ചേശ്വരം ലോ കോളെജ്. മഞ്ചേശ്വരം ലോ കോളെജിലെ താത്ക്കാലിക അധ്യാപകനായ ഷെറിൻ സി എബ്രഹാമിനെതിരെയാണ് കണ്ണൂർ സർവ്വകലാശാല നടപടിയെടുത്തത്.
ത്രിവത്സര എൽ എൽ ബി മൂന്നാം സെമസ്റ്റർ ഇന്‍റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്‍റെ ആത്മഹത്യ കേസ് പരാമർശിക്കുന്ന ചോദ്യങ്ങൾ വന്നത്. കാലിക പ്രസക്തിയുള്ള വിഷയമായതിനാലാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം പറഞ്ഞു. 28ന് നടന്ന ‘ഓപ്‌ഷണൽ 3 ഹ്യൂമൻ റൈറ്സ് ലോ ആൻഡ് പ്രാക്ടീസ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്.
പരീക്ഷയ്ക്കിടെ ഒരു വിദ്യാർഥി രോഷാകുലനായി എഴുന്നേറ്റ് നിന്ന് ചോദ്യപേപ്പറിലേത് പൊളിറ്റിക്കലി ഇൻകറക്റ്റഡ് ആയിട്ടുള്ള ചോദ്യങ്ങളാണെന്ന് പറയുകയാണ് ഉണ്ടായതെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം വ്യക്തമാക്കുന്നു. പി.പി. ദിവ്യയെ തനിക്ക് നേരിട്ടറിയാമെന്നും അതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരമെഴുതാൻ താൻ തയ്യാറല്ലെന്നും വിദ്യാർഥി അറിയിച്ചു.
എന്നാൽ പാർട്ട് B യിലെ ആദ്യ ചോദ്യമായ അട്ടപ്പാടി മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയം എഴുതിയാൽ മതിയെന്ന് അധ്യാപകൻ മറുപടിപറഞ്ഞു. അതിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും കോളെജ് അധികൃതർ വിഷയത്തിൽ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷെറിൻ സി എബ്രഹാം വ്യക്തമാക്കുന്നു.
എന്നാൽ ചോദ്യപേപ്പറിൽ എഡിഎമ്മിന്‍റെ പേരോ പി.പി. ദിവ്യയുടെ പേരോ ചേർത്തിരുന്നില്ലായെന്ന് അധ്യാപകൻ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.