ചാലക്കുടി: രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ആയുർവേദാചാര്യൻ വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാടിന്‍റെ സ്മരണയ്ക്കായി ചാലക്കുടിയിൽ സ്ഥാപിക്കുന്ന ആയുഷ് ആശുപത്രിയുടെ കെട്ടിടനിർമാണം പൂർത്തിയായതായും ജീവനക്കാരുടെ നിയമന നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ജനങ്ങൾക്കു തുറന്നു നൽകാനാകുമെന്നും സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
നഗരസഭയും പത്മഭൂഷൺ കെ. രാഘവൻ തിരുമുൽപ്പാട് അനുസ്‌മരണ സമിതിയും ഒരുക്കിയ കെ.രാഘവൻ തിരുമുൽപ്പാട് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു എംഎൽഎ. നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. രാഘവൻ തിരുമുൽപ്പാട് പുരസ്‌കാരം (15000 രൂപ) അമൃത സ്‌കൂൾ ഓഫ് ആയുർവേദയിൽ റിസർച്ച് ഡയറക്‌ടറും ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ റിസർച്ച് അഡ്വൈസറും ഒട്ടേറെ വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമായ ഡോ.പി.രാം മനോഹറിന് എംഎൽഎ സമ്മാനിച്ചു.
കേരള ആത്മവിദ്യാസംഘം ഏർപെടുത്തിയ വാഗ്ഭടാനന്ദ പുരസ്‌കാര ജേതാവു കൂടിയായ തിരുമുൽപ്പാടിന്‍റെ മകളും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ.കെ.മുത്തുലക്ഷ്‌മിയെ ആദരിച്ചു. മുൻ എംഎൽഎ സാവിത്രി ലക്ഷ്മണൻ അനുസ്‌മരണ പ്രഭാഷണം നടത്തി.
അനുസ്മരണ സമ്മേളനത്തിന്‍റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ എം.എം. അനിൽകുമാർ വിതരണം ചെയ്‌തു. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, ജനറൽ കൺവീനർ എം.ഡി. ജയിംസ്, തിരുമുൽപ്പാട് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. കെ. മുരളി, ചീഫ് കോ-ഓർഡിനേറ്റർ യു.എസ്. അജയകുമാർ, മുൻ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ (യുഡിഎഫ്), സി.എസ്.സുരേഷ് (എൽഡിഎഫ്), നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ബിജു എസ്. ചിറയത്ത്, പ്രീതി ബാബു, ദീപു ദിനേശ്, ആനി പോൾ, നഗരസഭ കൗൺസിലർമാരായ റോസി ലാസർ, ടി.ഡി.എലിസബത്ത്, കൺവീനർ ടി.പി.രാജൻ എന്നിവർ പ്രസംഗിച്ചു.