'അച്ഛൻ മരിച്ചപ്പോഴുള്ള അതേ വേദന, വയനാട്ടിലേത് ദേശീയ ദുരന്തം': രാഹുൽ

എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എല്ലാവരും നിങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം ഉറപ്പു
Rahul Gandhi, Priyanka visit landslide site in Wayanad today
Updated on

മേപ്പാടി: ‘‘എന്‍റെ ജീവിത്തത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അച്ഛൻ മരിച്ച നിരവധി കുട്ടികളെ അവിടെ കണ്ടു. അവർ അനുഭവിക്കുന്ന വേദന എന്‍റെയും വേദനയാണ്. ഞാനും ഒരിക്കൽ ആ വേദനയിലൂടെ കടന്നുപോയ വ്യക്തിയാണ്. ഇന്ന് മേപ്പാടിയിൽ ആയിരകണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നത്.’’ - ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധിയുടെ വാക്കുകൾ.

വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ വ്യക്തമാക്കി. വയനാട്ടിൽ സംഭവിച്ചതു ഭീകരമായ ദേശീയ ദുരന്തമാണ്. പ്രദേശവാസികളുടെ അവസ്ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ല. ദുരന്തമുഖത്തുള്ള ആരോഗ്യ പ്രവർത്തകരെയും രക്ഷാ പ്രവർത്തകരെയും ഓർത്ത് അഭിമാനമുണ്ടെന്നും രാഹുൽ അറിയിച്ചു. ദുരന്തമുഖത്തു രാഷ്ട്രീയ ആരോപണങ്ങൾക്കു സ്ഥാനമില്ല. വയനാട്ടുകാർക്കു വേണ്ടത് സഹായമാണ്. രാജ്യം മുഴുവൻ വയനാടിന്‍റെ കൂടെയുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

അതിഭീകര ദുരന്തമാണ് മേപ്പാടിയിൽ ഉണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ടവരെ താൻ കണ്ടു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വയനാട്ടിലേക്ക് സഹായം ഒഴുകുകയാണ്. ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലും പ്രിയങ്കയും റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.സി. വേണുഗോപാൽ എംപിയുമടക്കമുള്ള നേതാക്കൾ അനുഗമിച്ചു. മുണ്ടക്കൈയിലേക്ക് നിർമിക്കുന്ന താൽക്കാലിക പാലത്തിലൂടെ മറുകരയിലെത്തി സൈനികരുമായി സംസാരിക്കുകയും ബെയ്‌ലി പാലത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്തുഗകയും ചെയ്ത രാഹുലും പ്രിയങ്കയും പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളായ മേപ്പാടി ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്‍റ് ജോസഫ് യു പി സ്‌കൂൾ, മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം, വയനാട് വിംസ് ആശുപത്രി എന്നിവിടങ്ങളിൽ ദുരിതത്തനിരയായവരെ സന്ദർശിച്ച് അവരെ ആശ്വസിപ്പിച്ചു. വി.ഡി. സതീശന്‍റെ സഹായത്തോടെയാണ് ദുരിത ബാധിതരുമായി അദ്ദേഹം ആശയവിനിമയം നടത്തിയത്.

ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എല്ലാവരും നിങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി. ദുരിത ബാധിതരുമായി രക്ഷാപ്രവർത്തനത്തിന്‍റെ ഏകോപനം അടക്കമുള്ള കാര്യങ്ങൾ നേതാക്കളുമായി സംസാരിച്ചു. ആശുപത്രികളിലെത്തിയ രാഹുൽ ഡോക്‌ടർമാരുമായി ആശയവിനിമയം നടത്തി.

Trending

No stories found.

Latest News

No stories found.