ന്യൂഡൽഹി : പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണെന്നും, എന്തു വില നൽകാനും തയാറാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് വന്നതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണു പ്രതികരണം.
അതേസമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തി. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഈ നടപടിയെന്നു പിണറായി വിജയൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നടപടി പിൻവലിക്കണമെന്നു എം. കെ സ്റ്റാലിനും പ്രതികരിച്ചു.
2019-ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിലാണു രാഹുലിനു സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇനി നിയമവഴി സ്വീകരിക്കുകയാണു രാഹുലിനു മുന്നിലുള്ള പോംവഴി.