തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ സ്ഥാനാർഥികളും നേതാക്കളും മാറിമറിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു പാലക്കാട്ട്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രൊമാൻ ഇ. ശ്രീധരനെ ബിജെപി ഇറക്കിയപ്പോൾ 3859 വോട്ടിന്‍റെ വ്യത്യാസത്തിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ച ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിറ്റിങ് സീറ്റ് നിലനിർത്തുക എന്നതായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനു യുഡിഎഫ് നൽകിയ നിയോഗം.
2024 പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ വന്‍ മുന്നേറ്റമാണ് രാഹുൽ മാങ്കൂട്ടത്തിൽ കാഴ്ചവച്ചത്. 58,389 വോട്ടുകളാണ് രാഹുൽ നേടിയത്. 2011ൽ 7,403 വോട്ടുകൾ; 2016 ൽ 17,483 വോട്ടുകൾ, 2021 ൽ 3,859 വോട്ടുകൾ എന്നിങ്ങനെയാണ് ഷാഫി നേടിയ ഭൂരിപക്ഷം, ഇത് 18,840 ആയി വർധിപ്പിക്കാൻ രാഹുലിനു സാധിച്ചു. അതായത് ഷാഫി പറമ്പിലിന് ലഭിച്ചതിന്‍റെ അഞ്ചിരട്ടി വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്.
അതേസമയം, ബിജെപിക്ക് പ്രതീക്ഷകൾ തകർന്ന തെരഞ്ഞെടുപ്പായി പാലക്കാട്ട്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന പല ബൂത്തുകളിലും രാഹുൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി. 39,549 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനു നേടാനായത്. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബിജെപിയെ ആറാം റൗണ്ട് മുതൽ രാഹുൽ പിന്നിലാക്കി. കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കമായിരുന്നു പിരായിരി പഞ്ചായത്തിൽ നിന്നു മാത്രം രാഹുൽ നേടിയത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് പാലക്കാട് നഗരസഭയിലും ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കായിരുന്നു വോട്ടുകളുടെ ഒഴുക്ക് എന്നാണ് കണക്കുകൾ നൽകുന്ന സൂചന.
കഴിഞ്ഞ തവണ പാലക്കാട് മണ്ഡലത്തിൽ ഇ. ശ്രീധരൻ 49,155 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി കൃഷ്ണകുമാറിന് 39,529 വോട്ടുകൾ മാത്രമാണ് നേടാനായത് എന്ന കണക്ക് ബിജെപിയെ ആശങ്കപ്പെടുത്തും. രണ്ടാം സ്ഥാനം നഷ്ടമാകാതെ പിടിച്ചുനിർത്തി എന്നതു മാത്രമാണ് നിലവിൽ പാർട്ടിക്ക് ആശ്വസിക്കാനുള്ളത്.
കോൺഗ്രസിൽ നിന്നു വിട്ടു നിന്ന ഡോ. സരിനിലൂടെ ഇത്തവണ പാലക്കാട് പിടിച്ചെടുക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടലുകളും പിഴച്ചു. 37,293 വോട്ടുകൾ മാത്രമാണ് സരിനു നേടാനായത്. 2011ലാണ് ഇവിടെ അവസാനമായി ഒരു എൽഡിഎഫ് സ്ഥാനാർഥി ജയിക്കുന്നത്. അന്ന് കെ.കെ. ദിവാകരനാണ് പാലക്കാട്ട് അവസാനമായി ചെങ്കൊടി പാറിച്ചത്.
അതേസമയം, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെങ്കിലും എല്‍ഡിഎഫ് വോട്ട് വിഹിതത്തില്‍ ഇത്തവണ വര്‍ധനവുണ്ടായി. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് 2,500 ഓളം വോട്ടുകൾ അധികം നേടാൻ സരിനിലൂടെ എൽഡിഎഫിനു സാധിച്ചു.