റെയ്‌ൽവേ വികസനത്തിൽ കേരളം സഹകരിക്കുന്നില്ല: മന്ത്രി അശ്വിനി വൈഷ്ണവ്

railway minister Ashwini Vaishnaw criticizes kerala govt
റെയ്‌ൽവേ വികസനത്തിൽ കേരളം സഹകരിക്കുന്നില്ല: മന്ത്രി അശ്വിനി വൈഷ്ണവ്
Updated on

ന്യൂഡൽഹി: റെയ്‌ൽവേ വികസന പദ്ധതികളിൽ കേരള സർക്കാർ മതിയായ സഹകരണം നൽകുന്നില്ലെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമിയേറ്റെടുക്കൽ പോലുള്ളവയിൽ സംസ്ഥാന സർക്കാരിന്‍റെ പിന്തുണയുണ്ടെങ്കിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും മന്ത്രി വിശദീകരിച്ചു. രണ്ടര പതിറ്റാണ്ടു പിന്നിട്ടിട്ടും അങ്കമാലി- ശബരിമല ശബരി റെയ്‌ൽ പദ്ധതി തുടങ്ങിയിടത്തു നിൽക്കുന്നതിനെക്കുറിച്ചു ലോക്സഭയിൽ ചോദ്യോത്തര വേളയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതൊരു സങ്കീർണമായ പദ്ധതിയാണ്. മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന്‍റെ പിന്തുണ കൂടിയേ തീരൂ. ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്‍റെ പിന്തുണയില്ലെങ്കിൽ പദ്ധതി മുന്നോട്ടുപോകില്ലെന്നും മന്ത്രി വ്യക്തമാക്കി. അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനാണു മന്ത്രിയുടെ വിശദീകരണം.

പുതിയ അലൈൻമെന്‍റ് വിലയിരുത്തിവരികയാണ്. 111 കിലോമീറ്ററാണ് ശബരി പാതയുടെ ദൂരം. ഈ പാതയിൽ നിന്നു ക്ഷേത്രത്തിലേക്ക് 35 കിലോമീറ്റർ ദൂരമുണ്ടാകും. എന്നാൽ, ചെങ്ങന്നൂർ- പമ്പ പുതിയ പാതയ്ക്ക് ആവശ്യമുയരുന്നുണ്ട്. 75 കിലോമീറ്ററാണ് ഇതിന്‍റെ നീളം. പാത അവസാനിക്കുന്നിടത്തു നിന്ന് നാലു കിലോമീറ്റർ മാത്രമാകും ക്ഷേത്രത്തിലേക്കുള്ള ദൂരം. എംപിമാരും സംസ്ഥാന സർക്കാരും ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരോടും ചർച്ച ചെയ്തശേഷമേ ഏത് അലൈൻമെന്‍റ് സ്വീകരിക്കണമെന്നു തീരുമാനമെടുക്കാനാവൂ. പുതിയ പാതയുടെ വിശദ പരിശോധന നടക്കുകയാണ്.

സ്ഥലമെടുക്കുന്നതിനും അലൈൻമെന്‍റിനുമെതിരേ പ്രദേശവാസികളുടെ പ്രതിഷേധവും കേസുകളും മൂലം പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. ഇതിനു പുറമേ കേരള സർക്കാരിൽ നിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നുമില്ല. ഭൂമിയേറ്റെടുക്കലിനു പിന്തുണ നൽകാൻ എംപിമാരോട് മന്ത്രി അഭ്യർഥിച്ചു. ശബരി പാതയെ എരുമേലിയിൽ നിന്നു വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്കു നീട്ടുന്നതിനു സംസ്ഥാന സർക്കാർ സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എരുമേലി പാതയ്ക്കും തുറമുഖവുമായി ബന്ധമില്ലെന്നു മന്ത്രി മറുപടി നൽകി. വിഴിഞ്ഞം തുറമുഖത്തിന് അടുത്തുള്ള റെയ്‌ൽവേ സ്റ്റേഷൻ നേമത്തേതാണ്. 2014നു ശേഷം കേരളത്തിന് റെയ്‌ൽവേയുടെ വിഹിതത്തിൽ കാര്യമായ വർധനയുണ്ടായി. 2009-14 കാലയളവിൽ പ്രതിവർഷം 372 കോടി രൂപയായിരുന്നത് 2023-24ൽ 2,033 കോടി രൂപയായി ഉയർന്നിട്ടുണ്ട്. എന്നാൽ, എല്ലാ പദ്ധതിയുടെയും നടപ്പാക്കൽ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.