ട്രെയ്ന്‍ ഗതാഗതം; കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയ്‌ല്‍വേ

പരശുറാം എക്‌സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ച് കന്യാകുമാരിക്കു നീട്ടി
railways will resolve the issues raised by kerala regarding the train
Train File image
Updated on

തിരുവനന്തപുരം: ട്രെയ്ന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയ്‌ല്‍വേയുടെ ഉന്നത അധികൃതര്‍ ഉറപ്പുനല്‍കി. സംസ്ഥാനത്തെ റെയ്‌ല്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പരശുറാം എക്‌സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ച് കന്യാകുമാരിക്കു നീട്ടി. തിരക്കുള്ള മറ്റു ട്രെയ്നുകളിലും ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും- ഡിവിഷണല്‍ റെയ്‌ല്‍വേ മാനെജര്‍ ഡോ. മനീഷ് തപ്‌ല്യാല്‍ പറഞ്ഞു. ഷൊര്‍ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍ഗോഡ് വരെ നീട്ടുന്ന കാര്യവും പരിഗണിക്കും.

അവധിക്കാലങ്ങളില്‍ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കലണ്ടര്‍ തയാറാക്കി റെയ്ല്‍വേയ്ക്ക് സമര്‍പ്പിക്കും. ഇതുപ്രകാരം സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താനും ഈ സര്‍വീസുകള്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാനും ധാരണയായി. ട്രെയ്‌നുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താൻ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും റെയ്‌ല്‍വേ അറിയിച്ചു.

വന്ദേഭാരതിനായി മറ്റു ട്രെയ്‌നുകള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുന്ന കാര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കും. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയ്‌ന്‍ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്‌സ്പ്രസിന് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിക്കുന്നത് റെയ്‌ല്‍വേ ബോര്‍ഡിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.

ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെആര്‍ഡിസിഎല്‍ ഡയറക്റ്റര്‍ വി. അജിത് കുമാര്‍, പാലക്കാട് എഡിആര്‍എം കെ. അനില്‍ കുമാര്‍, പാലക്കാട് ഡിഒഎം ഗോപു ആര്‍. ഉണ്ണിത്താന്‍, തിരുവനന്തപുരം സീനിയര്‍ ഡിഒഎം എ. വിജയന്‍, തിരുവനന്തപുരം സീനിയര്‍ ഡിസിഎം വൈ. സെല്‍വിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.