തിരുവനന്തപുരം: ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യതാത്പര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരു കാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്നു കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഈ നിലപാടിൽ നിന്നാണ് പെട്ടെന്നു ഗവർണർ മലക്കം മറിഞ്ഞത്.
രാജ്ഭവനിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരുന്ന ഉദ്യോഗസ്ഥർ സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് ഇതുവരെ വന്നിരുന്നത്. രാജ്ഭവന്‍ ഇതു തടഞ്ഞിരുന്നില്ല. ഇനി മുതൽ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ രാജ്ഭവനിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അനുവദിക്കില്ല. വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നു രാജ്ഭവൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
തന്‍റെ കത്തുകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാകാത്തതു കൊണ്ടാണു ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ വന്നു വിശദീകരിക്കാൻ നിർദേശിച്ചതെന്ന് കഴിഞ്ഞ ദിവസം ഗവർണർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.