വിഴിഞ്ഞത്ത് പിതൃത്വ‌പ്പോര്

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതിനൊപ്പം പിതൃത്വത്തെ ചൊല്ലി യുഡിഎഫ്-എല്‍ഡിഎഫ് പോര് രൂക്ഷമായി.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം
Updated on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതിനൊപ്പം പിതൃത്വത്തെ ചൊല്ലി യുഡിഎഫ്-എല്‍ഡിഎഫ് പോര് രൂക്ഷമായി. വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കുന്നതിന് അനുമതി നേടിയെടുക്കുന്നതടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി 2015 ഡിസംബര്‍ 15ന് തുറക്കല്ലിട്ടത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്ന് യുഡിഎഫ് നേതാക്കള്‍ വാദിക്കുന്നു. എന്നാല്‍ തറക്കല്ലിട്ടതല്ലാതെ യുഡിഎഫ് സര്‍ക്കാര്‍ മറ്റൊന്നും ചെയ്തിട്ടില്ലെന്നും ബാക്കി മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്ന മറുവാദവുമായാണ് എല്‍ഡിഎഫ് യുഡിഎഫിനെ വെല്ലുവിളിക്കുന്നത്.

വിഴിഞ്ഞം 6000 കോടിരൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് ആരോപിച്ച് പദ്ധതി തടസപ്പെടുത്താന്‍ ശ്രമിച്ച അന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അതിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ വരുന്നത് പരിഹാസ്യമാണെന്നും യുഡിഎഫ്. മാത്രമല്ല അഴിമതി കണ്ടെത്താന്‍ ജുഡീഷ്യല്‍ കമ്മീഷനെയും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍ ആ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. തുറമുഖം വരുമ്പോള്‍ കുടിയൊഴിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വകയിരുത്തിയ 473 കോടിരൂപ എട്ടുവര്‍ഷം കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല.

തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്‍റെ നേട്ടം യുഡിഎഫിന് നല്‍കാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷനേതാവിനെയും സ്ഥലം എംപിയെയും ഒഴിവാക്കിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. യുഡിഎഫ് ഒരു വികസനപ്രവര്‍ത്തനങ്ങള്‍ക്കും എതിരല്ല. അതിനാല്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎല്‍എയായ എം. വിന്‍സെന്‍റ് പങ്കെടുക്കും. വിഴിഞ്ഞം പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് വെള്ളിയാഴ്ച വൈകിട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രകടനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ആദ്യം സമിതിയെ നിയോഗിച്ചത് 1996ലെ നായനാര്‍ സര്‍ക്കാരാണെന്ന മറുവാദവുമായാണ് തുറമുഖമന്ത്രി വി.എന്‍. വാസവന്‍ യുഡിഎഫിനെ നേരിടുന്നത്. പ്രകൃതിക്ഷോഭം, കൊവിഡ് മഹാമാരി, മത്സ്യത്തൊഴിലാളികളുടെ സമരം അടക്കം നിരവധി വെല്ലുവിളികള്‍ നേരിട്ട് പിണറായി സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

Trending

No stories found.

Latest News

No stories found.