വായനയും എഴുത്തും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
തിരുവനന്തപുരം: പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതുതലമുറയിൽ എത്തിക്കുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിർണയത്തിൽ വായനയും എഴുത്തും ഉൾപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ വായനാ ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയെ ജനകീയമാക്കിയ പി. എൻ. പണിക്കരുടെ ഓർമയ്ക്കാണു വായനാദിനം ആചരിക്കുന്നത്. ആധുനിക ലോകത്ത് ഡിജിറ്റൽ വായനയിലേക്കു മാറുന്ന സാഹചര്യമുണ്ട്. അക്കാദമിക വിഷയങ്ങൾക്കൊപ്പം വായന വിദ്യാർഥികളിൽ വളർത്തണമെന്നതാണു സർക്കാർനയം. വിമർശന ചിന്തയും പ്രശ്ന പരിഹാര ശേഷിയും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വളർത്തുന്നതിനു എഴുത്തും വായനയും സഹായിക്കും. സ്വയം ചിന്തിച്ച് യുക്തമായ തീരുമാനമെടുക്കാൻ നല്ല പുസ്തകങ്ങൾ വിദ്യാർഥികളെ സഹായിക്കും. 10 കോടി രൂപയുടെ പുസ്തകങ്ങളാണു സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്കു ഗവൺമെന്റ് വിതരണം ചെയ്യുന്നത്. എല്ലാ വിദ്യാലയങ്ങളിലും ലൈബ്രറികൾ ഉണ്ടാകണം. ലൈബ്രേറിയൻമാരില്ലാത്തിടത്ത് അധ്യാപകർ ആ ചുമതല നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം വായന നൽകുന്ന കരുത്തും നേടിയെടുക്കാൻ വിദ്യാർഥികൾക്കു കഴിയണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, ഒ. രാജഗോപാൽ, ടി.കെ.എ. നായർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, ഐ പി ആർ ഡി അഡീഷണൽ ഡയറക്റ്റർ കെ. അബ്ദുൾ റഷീദ്, സ്റ്റേറ്റ് നാഷണൽ സർവീസ് സ്കീം ഓഫിസർ അൻസർ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.