സൈലന്‍റ് വാലിയുടെ മഴക്കാടുകളില്‍ നിന്ന് വനം വകുപ്പ് സംഭരിച്ചത് 3,440 കിലോ കാട്ടുതേന്‍

ദേശീയോദ്യാനത്തിന്‍റെ പരിധിയിലുള്ള കരുവാര, ആനവായ്, തടിക്കുണ്ട്, താഴെ തുടുക്കി എന്നീ ഊരുകളിലെ ആദിവാസികളില്‍നിന്നാണ് ഇത്രയും തേന്‍ ശേഖരിച്ചത്
record honey collection from silent valley national park
സൈലന്‍റ് വാലിയുടെ മഴക്കാടുകളില്‍ നിന്നും 3,440 കിലോ കാട്ടുതേന്‍ സംഭരിച്ച് വനംവകുപ്പ്
Updated on

പാലക്കാട്: സൈലന്‍റ് വാലി മഴക്കാടുകളില്‍നിന്നും ആദിവാസികള്‍മുഖേന 3,440 കിലോ കാട്ടുതേന്‍ സംഭരിച്ച് വനംവകുപ്പ് റെക്കോഡിട്ടു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് 22 ലക്ഷം രൂപയുടെ കാട്ടുതേന്‍ സംഭരിച്ചത്. വനവികസന ഏജന്‍സിവഴി സംസ്ഥാനത്തുതന്നെ ഏറ്റവുംവലിയ തേന്‍സംഭരണമാണ് സൈലന്‍റ്വാലിയിലേത്. 'വനശ്രീ സൈലന്‍റ് വാലി' എന്ന പേരിലാണ് തേന്‍ പുറത്തിറങ്ങുന്നത്. കിലോയ്ക്ക് 650 രൂപ നിരക്കിലാണ് സംഭരണം. 1,000 രൂപയാണ് ശുദ്ധീകരിച്ച ഒരു കിലോഗ്രാം തേനിന്‍റെ വില.

ദേശീയോദ്യാനത്തിന്‍റെ പരിധിയിലുള്ള കരുവാര, ആനവായ്, തടിക്കുണ്ട്, താഴെ തുടുക്കി എന്നീ ഊരുകളിലെ ആദിവാസികളില്‍നിന്നാണ് ഇത്രയും തേന്‍ ശേഖരിച്ചത്. വനവികസന ഏജന്‍സി നേരിട്ടും ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റികള്‍ മുഖേനയുമാണ് ആദിവാസികളില്‍നിന്നുള്ള തേനെടുപ്പ്.

സംഭരിച്ച തേന്‍ മുക്കാലി റേഞ്ച് ഓഫീസിന് കീഴിലുള്ള തേന്‍ സംസ്കരണ യൂണിറ്റിലേക്കാണ് എത്തിക്കുന്നത്. കറയും ജലാംശവും നീക്കി ആവശ്യത്തിനനുസരിച്ച് കുപ്പിയിലാക്കി ഇക്കോഷോപ്പുകള്‍ മുഖേനയാണ് വില്‍പ്പന. സംസ്ഥാനത്തെ മറ്റ് വനവികസന ഏജന്‍സികളിലേക്കും ആവശ്യപ്രകാരം എത്തിക്കും.

മഴക്കാടുകളിലെ തേനെടുപ്പ് വര്‍ഷങ്ങളായുണ്ടെങ്കിലും ഇക്കഴിഞ്ഞ വേനലിലാണ് വന്‍തോതിലുള്ള തേന്‍സംഭരണം നടന്നതെന്ന് വനംവകുപ്പധികൃതര്‍ പറയുന്നു. നാല് ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റികള്‍ക്ക് കീഴിലായുള്ള 116 ആദിവാസികളാണ് തേന്‍ ശേഖരിച്ചത്. എത്തിക്കുന്ന തേനിന് അപ്പോള്‍ത്തന്നെ വിലനല്‍കുന്നതാണ് രീതി.

ഇടനിലക്കാരുടെ ചൂഷണമില്ലാതെ മികച്ചവില ലഭ്യമാകുന്നത് ആദിവാസികള്‍ക്കും ഗുണകരമാണ്. സൈലന്‍റ് വാലി സന്ദര്‍ശിക്കാനെത്തുന്നവരാണ് വനശ്രീ സൈലന്‍റ് വാലി തേനിന്‍റെ പ്രധാന ഉപഭോക്താക്കള്‍.

Trending

No stories found.

Latest News

No stories found.