ആനകളെയല്ല, ആളുകളെയും മാറ്റിപ്പാർപ്പിക്കാം: പ്രായോഗിക പാഠമായി വയനാട്

ആനയെയല്ല, ആനത്താരയിൽ കൊണ്ടുവന്നു താമസിപ്പിച്ചവരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടതെന്ന കോടതി പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അത്തരം പുനരധിവാസങ്ങൾ സാധ്യമാണെന്നതിന്‍റെ പ്രായോഗിക പാഠം ഇവിടെത്തന്നെയുണ്ട്
ബ്രഹ്മഗിരി - തിരുനെല്ലി ആന ഇടനാഴിയിലുണ്ടായിരുന്ന വീടുകളിലൊന്ന്.
ബ്രഹ്മഗിരി - തിരുനെല്ലി ആന ഇടനാഴിയിലുണ്ടായിരുന്ന വീടുകളിലൊന്ന്.
Updated on

# അജയൻ

രിക്കൊമ്പനെന്ന് ഇരട്ടപ്പേരിട്ട കാട്ടാനയെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിലേക്കു മാറ്റിപ്പാർപ്പിക്കും മുൻപ് കേരള ഹൈക്കോടതി ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ആനത്താരയിൽ കോളനി സ്ഥാപിച്ചതല്ലേ പ്രശ്നമെന്നും ആ കോളനിയിൽ ശേഷിക്കുന്ന ചുരുക്കം ആളുകളെ അവിടെനിന്നു മാറ്റിപ്പാർപ്പിക്കുന്നതല്ലേ ഉചിതം എന്നുമായിരുന്നു ചോദ്യത്തിന്‍റെ സത്ത. അന്നാ പരാമർശത്തെ പരിഹസിക്കാനാണ് പലരും ശ്രമിച്ചത്. എന്നാൽ, ഇതു വെറുംവാക്കല്ലെന്നും, പ്രായോഗികമായി സാധ്യമായ കാര്യമാണെന്നും രണ്ടു പതിറ്റാണ്ട് മുൻപു തന്നെ വയനാട്ടിൽ തെളിയിച്ചിട്ടുണ്ട് വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (WTI).

ദുർഘടമായൊരു ആനത്താരയിൽ നിലനിന്ന നാലു ഗ്രാമങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ച് ആനത്താര സുരക്ഷിതമാക്കി സംസ്ഥാന വനം വകുപ്പിനു കൈമാറിയ കഥയാണ് ദൗത്യത്തിന് ഒറ്റയ്ക്ക് മുന്നിട്ടിറങ്ങിയ സാബു ജഹാസ് മെട്രൊ വാർത്തയുമായി പങ്കുവയ്ക്കുന്നത്. ഡബ്ല്യുടിഐയുടെ പ്രോജക്റ്റ് അഡ്വൈസറും റിസർച്ച് സെന്‍റർ ഫോർ എൺവയൺമെന്‍റ് ആൻഡ് സോഷ്യൽ സയൻസസിലെ വൈൽഡ് ലൈഫ് ബയോളജിസ്റ്റുമാണ് സാബു.

സാബു ജഹാസ്, വയനാട്ടിലെ ഗവേഷണകാലത്ത്.
സാബു ജഹാസ്, വയനാട്ടിലെ ഗവേഷണകാലത്ത്.

നാല് ആന ഇടനാഴികളാണ് കേരളത്തിലുള്ളത്. ഇതിൽ തിരുനെല്ലി - കുദ്രക്കോട്ട് (ബ്രഹ്മഗിരി - തിരുനെല്ലി) ഇടനാഴിയാണ് ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നത്. കേരള - കർണാടക അതിർത്തിയിൽ കിടക്കുന്ന ബ്രഹ്മഗിരി വന്യജീവി സങ്കേതത്തെ വിഘടിപ്പിക്കാതെ ബന്ധിപ്പിച്ചു നിർത്തുന്ന ഇടനാഴിയാണിത്. അനധികൃത കൈയേറ്റം കാരണം കാടു നശിച്ച് ഈ ബന്ധിപ്പിക്കൽ അറ്റുപോകുമെന്ന അവസ്ഥ വരെ ഒരു ഘട്ടത്തിൽ നിലനിന്നിരുന്നു എന്ന് സാബു പറയുന്നു.

അരിക്കൊമ്പന്‍റെ ആവാസഭൂമിയായിരുന്ന ചിന്നക്കനാലിന്‍റെ കാര്യത്തിലും സ്ഥിതി സമാനമാണ്. 301 കോളനി ഇവിടെ സ്ഥാപിക്കുന്നതിനെതിരേ അന്നത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ പ്രകൃതി ശ്രീവാസ്തവ 2002ൽ നൽകിയ റിപ്പോർട്ട് അവഗണിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ 2003ൽ ഇവർക്ക് അവിടെ ഭൂമി അനുവദിക്കുന്നത്. അതോടെ ആന ഇടനാഴി മുറിഞ്ഞു, ബാക്കിയൊക്കെ ചരിത്രം.

പ്രഗൽഭ ശാസ്ത്രജ്ഞരായ ഡോ. എസ്. ശങ്കർ, ഡോ. പി.എസ്. ഈസ എന്നിവർക്കൊപ്പം വയനാട്ടിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് സാബു പഠനം തുടങ്ങുന്നത് 1994ലാണ്. ആളുകളെ മാറ്റിപ്പാർപ്പിച്ച് ആനത്താര സംരക്ഷിക്കുക എന്നതായിരുന്നു പ്രാഥമിക പഠനത്തിനു ശേഷം അദ്ദേഹം മുന്നോട്ടുവച്ച പരിഹാരമാർഗം.

ഇതു ഗൗരവമായെടുത്ത ഡബ്ല്യുടിഐ, വിഷയത്തിൽ കൂടുതൽ ഗഹനമായ പഠനത്തിനു നിർദേശം നൽകി. പിന്നീടങ്ങോട്ട് മാസങ്ങളോളം കാട്ടിൽ തന്നെ ജീവിച്ചുകൊണ്ടുള്ള ഭഗീരഥപ്രയത്നം തന്നെയായിരുന്നു സാബുവിന്. ആദിവാസികളുമായി അടുത്തിടപഴകി അവരുടെ ജീവിതരീതികൾ മനസിലാക്കുകയും ഏറ്റവും ഫലപ്രദമായ പരിഹാരമാർഗം കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. ആന ഇടനാഴിയിലുള്ള തിരുളക്കുന്ന്, വലിയകമ്മ‌ടി, കോട്ടപ്പടി, പുളിയൻകൊല്ലി എന്നീ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. മേഖലയിലെ വന്യമൃഗ സാന്ദ്രതയെക്കുറിച്ച് ഗവേഷണം നടത്തുകയും മാപ്പ് ചെയ്യുകയും ചെയ്തു, ഒപ്പം സാമൂഹിക-സാമ്പത്തിക ആഘാത പഠനവും നടത്തി. ഇതിനു ശേഷമാണ് പുനരധിവാസത്തിനു ഗ്രാമവാസികളുടെ സമ്മതം വാങ്ങുന്നത്. ഒരാളെപ്പോലും അതിനു നിർബന്ധിക്കേണ്ടി വന്നില്ലെന്ന് സാബു സാക്ഷ്യപ്പെടുത്തുന്നു.

പക്ഷേ, അതുകൊണ്ട് ദൗത്യം പൂർത്തിയായില്ല. പുനരധിവാസം സാധ്യമാക്കാൻ പല വകുപ്പുകളുടെ അനുമതി ആവശ്യമായിരുന്നു. അവസാനം മാറി താമസിക്കുന്നവർക്കുള്ള പാക്കേജ് ചർച്ചയ്ക്കു വന്നു. ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതു പോലുള്ള വാഗ്ദാനങ്ങളാണ് സർക്കാർ മുന്നോട്ടുവച്ചത്. അക്കാര്യത്തിലും ധാരണയായതോടെ, ഇടനാഴിക്കു പുറത്ത് മാറിത്താമസിക്കാൻ ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടു. ഏറെയും നെൽ കർഷകരായിരുന്നതിനാൽ വീട് വയ്ക്കാനുള്ള സ്ഥലത്തിനു പുറമേ നെൽ കൃഷിക്കു പറ്റിയ സ്ഥലവും അനുവദിച്ചു.

ആനത്താരയിൽനിന്നു മാറ്റിപ്പാർപ്പിച്ചവർക്കായി നിർമിച്ച വീടുകളിലൊന്ന്.
ആനത്താരയിൽനിന്നു മാറ്റിപ്പാർപ്പിച്ചവർക്കായി നിർമിച്ച വീടുകളിലൊന്ന്.

കൂട്ടുകുടുംബങ്ങളുടെ കാര്യത്തിൽ, അവരുടെ ആവശ്യത്തിനനുസരിച്ചുള്ള വീടുകൾ നിർമിച്ചു. കുടുംബത്തിലെ ഓരോ പെൺകുട്ടികൾക്കും പ്രത്യേകം മുറി എന്ന നിലയിലായിരുന്നു വീടുകൾ. എല്ലാ വീടുകളിലും വെള്ളവും വൈദ്യുതിയും ഉറപ്പാക്കി.

വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന പതിവ് ഈ ഗോത്ര ജനതയ്ക്കുള്ളതിനാൽ അതിനായി പ്രത്യേക ഹാൾ വരെ പണിതീർത്തു. ഒരു റീഡിങ് റൂമും തയാറാക്കി. പുനരധിവാസം സാമൂഹിക ജീവിതത്തിനു തടസമാകരുതെന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ.

മാറ്റിപ്പാർപ്പിച്ചവരെ അവരുടെ വിധിക്കു വിട്ടു പോരുകയുമല്ല ചെയ്തത്. തുടർന്നും വർഷങ്ങളോളം അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പതിവായി അവലോകനം ചെയ്തുപോന്നു.

ആന ഇടനാഴി വീണ്ടെടുക്കപ്പെട്ടതിനു പിന്നാലെ ഇവിടേക്ക് കടക്കുന്ന കൊമ്പൻ.
ആന ഇടനാഴി വീണ്ടെടുക്കപ്പെട്ടതിനു പിന്നാലെ ഇവിടേക്ക് കടക്കുന്ന കൊമ്പൻ.
ബ്രഹ്മഗിരി - തിരുനെല്ലി ആന ഇടനാഴിയിലുണ്ടായിരുന്ന വീടുകളിലൊന്ന്.
ആനത്താര വീണ്ടെടുക്കൽ: സർക്കാർ തോറ്റിടത്ത് സാബുവിന്‍റെ വിജയം

മുൻപ് താമസിച്ചിരുന്നിടത്ത് ഇവർ സ്വന്തം സ്ഥലത്ത് കൃഷി ചെയ്തു ജീവിച്ചു എന്നായിരുന്നു ഔദ്യോഗിക രേഖയെങ്കിലും, യഥാർഥത്തിൽ വനമേഖലയിലേക്കു കയറിയും ഇവർ കൃഷിയിറക്കിയിരുന്നു. അതിനാൽ, പുനരധിവാസത്തിനു വേണ്ടി വാങ്ങിയ ഭൂമിയുടെ നാലു മടങ്ങാണ് ആന ഇടനാഴിയിൽ വീണ്ടെടുത്ത് സംസ്ഥാന വനം വകുപ്പിനു കൈമാറാൻ സാധിച്ചത്. ഇതിനു പിന്നാലെ മൃഗങ്ങൾ ഇവിടെ വീണ്ടും സ്വൈരവിഹാരം നടത്തിത്തുടങ്ങി. ഇപ്പോഴവിടം കൊടുങ്കാടായി മാറിക്കഴിഞ്ഞെന്നും സാബു പറയുന്നു.

ആന ഇടനാഴി വീണ്ടെടുത്ത് സംരക്ഷിക്കാൻ നടത്തി‌യിട്ടുള്ള ഏറ്റവും വലിയ പുനരധിവാസ പ്രവർത്തനമായിരുന്നു ഇതെന്ന് മേഖലയിലെ പ്രാഥമിക പഠനത്തിന്‍റെ ഭാഗമായിരുന്ന ഡോ. എസ്. ശങ്കർ പറയുന്നു. അധികൃതർ ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഈ മാതൃക സംസ്ഥാന വ്യാപകമാക്കണം. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ഇതു സഹായിക്കും. വനത്തിന്‍റെയും വന്യജീവികളെയും മാത്രമല്ല, മനുഷ്യ ജീവന്‍റെ സുരക്ഷ ഉറപ്പാക്കാനും ഇതാണ് ഉത്തമ മാർഗമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

Trending

No stories found.

Latest News

No stories found.