ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക് തെറാപ്പിക്കും കൗൺസിലിങ്ങിനും മറ്റ് പരിശീലനങ്ങൾക്കുമായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്ത പുനരധിവാസ ഗ്രാമത്തിനായി പദ്ധതി തയറാക്കുന്നു. ഇതിനായി മേയ് 29 ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ശിൽപ്പശാല സംഘടിപ്പിക്കുന്നു.
ഭൗതിക വെല്ലുവിളികൾ നേരിടുന്ന നിരാലംബരായ വ്യക്തികൾക്ക് പൂർണ പുനരധിവാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിയുള്ളവരെ നേരത്തെ കണ്ടെത്തി അവർക്കാവശ്യമായ പ്രത്യേക വിദ്യാലയങ്ങൾ, തൊഴിൽ പരിശീലനം, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, രക്ഷാകർതൃ ശാക്തീകരണം, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം എന്നിവയാണ് പുനരധിവാസ ഗ്രാമത്തിലുണ്ടാവുക.
സമഗ്ര പദ്ധതി തയാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാല ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയ ഡാലി, സാമൂഹ്യനീതി വകുപ്പ് ഡയരക്റ്റർ ചേതൻ കുമാർ മീണ ഐഎഎസ്, സാമൂഹ്യ സുരക്ഷാ മിഷൻ ഡയരക്റ്റർ എ.ഷിബു ഐഎഎസ്, വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിങ്ങ് ഡയരക്ടർ മൊയ്തീൻ കുട്ടി, ആരോഗ്യ സർവകലാശാല ഡീൻ പ്രൊ: കെ.എസ്. ഷാജി, നിപ്മർ എക്സിക്യുട്ടീവ് ഡയരക്റ്റർ ഇൻ ചാർജ് സി.ചന്ദ്രബാബു, നിഷ് എക്സിക്യുട്ടീവ് ഡയരക്റ്റർ ഇൻ ചാർജ് ഡോ: സുജാ മാത്യു തുടങ്ങി 40 ഓളം വിദഗ്ദരാണ് പുനരധിവാസ ഗ്രാമത്തിനായി പദ്ധതി തയാറാക്കുന്നതിനായി ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.