തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിച്ചു. പൊലീസിന്‍റെ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രാഹുലിന് ഇളവ് അനുവദിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു. നിയമസഭാ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
കേസില്‍ അറസ്റ്റിലായ രാഹുലിന്, എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെ തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നു കാട്ടിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അദ്ദേഹം കോടതിയെ സമീപിച്ചത്. ഇളവ് അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും രാഹുല്‍ കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മ്യൂസിയം പൊലീസ് ചൂണ്ടിക്കാട്ടി. കന്‍റോണ്‍മെന്‍റ്, അടൂര്‍ സ്റ്റേഷനുകളിലും രാഹുലിനെതിരെ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ സ്ഥാനാർഥിയായതിനാൽ ഇളവ് നൽകാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.