തിരുവനന്തപുരം: കലക്റ്റർ ബ്രോയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ എൻ.പ്രശാന്ത് ഓഫിസിൽ ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. പട്ടികജാതി- പട്ടിക വർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെതിരേ അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മാസത്തിൽ പത്തു ദിവസം പോലും പ്രശാന്ത് ഓഫിസിൽ എത്താറില്ല. ഇല്ലാത്ത യോഗങ്ങളുടെ പേരിൽ ഓൺഡ്യൂട്ടി രേഖപ്പെടുത്തുന്നതും പതിവായിരുന്നു. പല മാസങ്ങളിലും പത്തിൽ താഴെയാണ് ഹാജർ നില.
പട്ടിക വർഗ പദ്ധതി നിർവഹണത്തിനുള്ള ഉന്നതിയുടെ സിഇഒ ആയിരിക്കേ കണ്ണൂർ , ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ഓൺഡ്യൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ പരാമർശിച്ച പ്രദേശങ്ങളിൽ യോഗം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ ജോലി ചെയ്തെന്ന പേരിൽ മറ്റൊരു ദിവസം അവധി എടുക്കുന്ന ശീലവും പ്രശാന്തിനുണ്ടായിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ അവധിയെടുക്കാൻ അനുമതിയില്ല.
വകുപ്പിലെ പല പ്രധാന ഫയലുകളും അഡീഷണൽ ചീഫ് സെക്രട്ടറി അറിയാതെ നേരിട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നൽകാറുണ്ടെന്നും ചില ഫയലുകളിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി എന്നു കാണിച്ച് സ്വയം ഒപ്പു വയ്ക്കാറുണ്ടെന്നും യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശം പാലിക്കാറില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തെ ഹാജർ കണക്ക് സഹിതമാണ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഉന്നതിയുടെ സിഇഒ ആയിരിക്കുന്ന കാലത്ത് ചില സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടുവെന്നും പ്രശാന്തിനെതിരേ പരാതി ഉയർന്നിരുന്നു.