റോഡുകൾ തകരുന്നതിനെക്കുറിച്ചുള്ള പഠനം അവസാന ഘട്ടത്തിൽ

പരിഹാരങ്ങൾ അടക്കമുള്ള ആദ്യഘട്ട റിപ്പോര്‍ട്ട്‌ ഒക്റ്റോബർ ആദ്യവാരം സമര്‍പ്പിക്കുമെന്നു മന്ത്രി
A road in Kerala
A road in KeralaRepresentative image
Updated on

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി പതിവായുണ്ടാകുന്ന മഴമൂലം കേരളത്തിലെ റോഡുകള്‍ തകരുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി പ്രതിവിധികള്‍ നിര്‍ദേശിക്കുന്നതിന്‌ കേരള ഹൈവേ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ (കെഎച്ച്‌ആർഐ) നടത്തുന്ന പഠനം അവസാനഘട്ടത്തിലെന്ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌.

പരിഹാരങ്ങൾ അടക്കമുള്ള ആദ്യഘട്ട റിപ്പോര്‍ട്ട്‌ ഒക്റ്റോബർ ആദ്യവാരം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന അഗ്രഗേറ്റുകളുടെ (ചെറുമെറ്റൽ) പ്രത്യേക രാസഘടന വെള്ളത്തിലും ഈര്‍പ്പത്തിലും തകരുന്നത്‌ റോഡുകളുടെ തകര്‍ച്ചയ്ക്ക്‌ കാരണമാകുന്നുവെന്നാണു ഗവേഷണ പഠനത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ.

ഈ പ്രശ്നം പരിഹരിക്കുന്നതിന്‌ ദീര്‍ഘകാല പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്‌. റോഡ്‌ നിർമാണത്തിലെ സാങ്കേതികവിദ്യകള്‍ കാലക്രമേണ മെച്ചപ്പെടുന്നതിന് ഗവേഷണം അനിവാര്യഘടകമാണെന്നും മന്ത്രി.

ഐഐടി, എൻഐടി അടക്കമുള്ള ഉന്നത ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ്‌ പഠനങ്ങൾ നടക്കുന്നത്. പാലങ്ങളുടെ ഈട്‌ വര്‍ധിപ്പിക്കുന്നതിന്‌ ഈട്‌ അടിസ്ഥാനമാക്കിയുള്ള പഠനം, തീരദേശ പാലങ്ങളുടെ പുനരുദ്ധാരണം, അള്‍ട്രാ-ഹൈ-പെര്‍ഫോമന്‍സ്‌ കോൺക്രീറ്റ് വികസിപ്പിക്കുന്നതിനുള്ള പഠനം, സെന്‍സറുകള്‍ ഉപയോഗിച്ച്‌ പാലങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനുള്ള പഠനം,‌ ബലക്കുറവുള്ള മണ്ണിലെ ബഹുനില കെട്ടിടങ്ങള്‍ക്കായി ചൈൽഡ്‌ റാഫ്റ്റ്‌ ഫൗണ്ടേഷന്‍ ഡിസൈന്‍, റോഡ്‌ നിര്‍മ്മാണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും അവതരിപ്പിക്കുന്ന സൂപ്പര്‍പേവ്‌ മിക്സ്‌ ഡിസൈന്‍ രീതിയുടെ പ്രയോഗക്ഷമതയെക്കുറിച്ചുള്ള പഠനം, റീസൈക്കിള്‍ ചെയ്ത സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിർമാണ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്ന പഠനം എന്നിവയും നടക്കുന്നുണ്ട്‌.

Trending

No stories found.

Latest News

No stories found.