തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പിഎസ് സി മാതൃകയിലുള്ള സംവരണം നടപ്പാക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗത്തിൽ സ്വീകരിച്ച തീരുമാനം അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി.
തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സംവരണ തത്വം നടപ്പാക്കുക. ഇതോടെ, ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാദ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹ്യനീതി ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ദേവസ്വം വകുപ്പിന്‍റെ വിലയിരുത്തൽ.
ആകെ 733 തസ്തികകളാണു ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്. തിരുവിതാംകൂർ ദേവസ്വത്തിന്‍റെ സ്കൂളുകളിൽ 271 വും കോളെജുകളിൽ 184ഉം തസ്തികയുണ്ട്. കൊച്ചി ദേവസ്വം ബോർഡിൽ സ്കൂളിൽ 17, കോളെജിൽ 113 എന്നിങ്ങനെയാണു തസ്തികകൾ. ഗുരുവായൂർ ദേവസ്വത്തിൽ സ്കൂളുകളിൽ 72ഉം കോളെജിൽ 76 ഉം തസ്തികകളുണ്ട്. കൂടൽമാണിക്യത്തിലും മലബാർ ദേവസ്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തും.