പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഴിച്ചുപണി

വർഷങ്ങളായി അധികാരസ്ഥാനങ്ങളിൽ തുടര്‍ന്നവർ തെറിച്ചു
Reshuffle
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഴിച്ചുപണി
Updated on

കൊച്ചി: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്‍റ്, എഡ്യൂക്കേഷന്‍ സെക്ഷനുകളില്‍ വര്‍ഷങ്ങളായി തുടരുന്ന സൂപ്രണ്ടുമാരുടെ വാഴ്ചയ്ക്ക് അവസാനം കുറിച്ച് വകുപ്പ് ഡയറക്ടര്‍. ഒരു സീനിയര്‍ സൂപ്രണ്ട് രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരെ ശിക്ഷാനടപടികളുടെ ഭാഗമായി വകുപ്പ് ആസ്ഥാനത്ത് നിന്ന് പടിയിറക്കി. ചില പ്രത്യേക താൽപര്യക്കാരുടെ പിന്‍ബലത്തില്‍ വകുപ്പ് ആസ്ഥാനത്ത് നിര്‍ണ്ണായക സ്ഥാനത്ത് ഇരുന്ന് നിരുത്തരവാദപരമായി പെരുമാറി പലപ്പോഴും വകുപ്പിനെ പൊതുജനമദ്ധ്യത്തില്‍ താഴ്ത്തി കെട്ടുകയും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് ഡയറക്ടറുടെ നടപടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് ധിക്കാരപരമായി പെരുമാറിയിരുന്ന ഇവര്‍ ഫയല്‍ മാസങ്ങളോളം വൈകിപ്പിക്കുന്നതില്‍ മിടുക്കരായിരുന്നു.

എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷന്‍റെ വീഴ്ച കൊണ്ട് കഴിഞ്ഞ വര്‍ഷം വകുപ്പിലെ വിവിധ തസ്തികയില്‍ ജോലി ചെയ്തിരുന്ന 60 ല്‍ പരം ജീവനക്കാര്‍ക്ക് റിവേര്‍ഷന്‍ സംഭവിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയും വകുപ്പില്‍ ഉണ്ടായി. എന്നാല്‍ സര്‍വീസ് നിയമങ്ങള്‍ കാറ്റില്‍ പറത്തി വകുപ്പ് ആസ്ഥാനത്തെ സൂപ്രണ്ടുമാര്‍ സ്വന്തം റിവേര്‍ഷനെ മറികടക്കുകയും ചെയ്തു. മറ്റ് ജീവനക്കാര്‍ക്ക് ഇടയില്‍ ഇത് കടുത്ത അമര്‍ഷത്തിനിടയാക്കി. റിവേര്‍ഷന് വിധേയരായ ജീവനക്കാരുടെ പ്രമോഷന്‍ അട്ടിമറിക്കാനും നീക്കം നടന്നു.

വകുപ്പ് നല്‍കുന്ന വിദേശ വിദ്യാഭ്യാസ ധനസഹായം സ്വീകരിച്ച് വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള തുടര്‍ ഗഡു ധനസഹായം അകാരണമായി വൈകിപ്പിച്ചതിന്‍റെ പേരില്‍ വകുപ്പില്‍ നിന്ന് കര്‍ശനമായ താക്കീത് ഇവര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും കൂസല്‍ ഇല്ലാതെ മുന്നോട്ട് പോവുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ നടത്താവൂ എന്ന് 2017 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും 2021 ല്‍ ഉത്തരവ് നടപ്പാക്കാത്ത വകുപ്പുകളോട് എത്രയും വേഗം ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി കൊണ്ട് സര്‍ക്കാര്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കുകയും, അത് നടപ്പിലാക്കാന്‍ മൂന്ന് ലക്ഷത്തിന് അടുത്ത് തുക വകുപ്പിന് അനുവദിക്കുകയും ചെയ്തിരുന്നു. പട്ടികജാതി വികസന വകുപ്പില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തില്‍ സ്വജനപക്ഷപാതത്തോടെ സ്ഥലംമാറ്റങ്ങള്‍ നടക്കുന്നതിന് എതിരേ അതിശക്തമായ എതിര്‍പ്പ് ജീവനക്കാര്‍ക്ക് ഇടയില്‍ രൂപപ്പെട്ടിരുന്നു. വകുപ്പില്‍ ഇഷ്ടക്കാര്‍ക്ക് ഒരു സ്ഥലത്ത് തന്നെ 3 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യാനും ജോലി ഭാരം കുറഞ്ഞ സഥലങ്ങളില്‍ തുടരാനും ഭരണാനുകൂല സംഘടന ഒത്താശ ചെയ്യുകയാണെന്ന് ആരോപണമുണ്ട്.

ഇതിനിടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലംമാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ട്രിബൂണലിന്‍റെ ഉത്തരവ് വന്ന് രണ്ടര മാസം പിന്നിട്ടിട്ടും അത് നടപ്പിലാക്കാന്‍ ഇവർ തയ്യാറായില്ല. തലപ്പത്തു നിന്ന് നടപടി വന്നതോടെ വകുപ്പ് ആസ്ഥാനത്തെ കിരാതവാഴ്ച്ച അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാരും.

Trending

No stories found.

Latest News

No stories found.