മോസ്കോ: റഷ്യ സന്ദർശിക്കുന്ന ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയ്ക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രതിനിധി സംഘത്തിനും ഊഷ്മളമായ വരവേൽപ്പ് നൽകി റഷ്യൻ ഓർത്തഡോക്സ് സഭ. സഭയുടെ തലവൻ കിറിൽ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ മോസ്കോയിലെ ഡോർമെന്റേഷൻ കത്തീഡ്രലിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും മലങ്കര സഭയുടെ പ്രതിനിധി സംഘവും സംബന്ധിച്ചു.
റഷ്യയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച കാതോലിക്കാ ബാവ സഭാ തലവനായി സ്ഥാനമേറ്റതിനുശേഷം ആദ്യമായിട്ടാണ് റഷ്യ സന്ദർശിക്കുന്നത്. മലങ്കര സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധത്തെ അനുസ്മരിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ കിറിൽ പാത്രിയർക്കീസ് പ്രഭാഷണം നടത്തി.
കാതോലിക്കാ ബാവായും മലങ്കര സഭയുടെ പ്രതിനിധി സംഘവും റഷ്യൻ സന്ദർശനം പൂർത്തീകരിച്ച് ശനിയാഴ്ച റോമിലേക്ക് പോകും.
എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഖറിയാ മാർ നിക്കോളാവാസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി
ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. ഗീവർഗീസ് ജോണ്‍സണ്‍, ഫാ. അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു (ജോജോ)എന്നിവരാണ് സംഘത്തിൽ ഉള്ളത്.