#ഏബിൾ. സി. അലക്സ്
കോതമംഗലം: മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അമരക്കാരൻ ശ്രേഷ്ഠ കതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കു തിങ്കളാഴ്ച 96വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ് ബാവ തിരുമേനിയുടെ ധന്യ ജീവിതം ഈ വാർദ്ധക്യത്തിലും കടന്നു പോകുന്നത്.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും 8 മക്കളിൽ 6 മത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം. പിറവിക്കു ശേഷം കുഞ്ഞിനെ കൈയിലെടുത്ത വൃദ്ധയായ വയറ്റാട്ടി ഈ കുഞ്ഞ് വലിയ ഒരാളായിത്തിരും എന്നാണു പറഞ്ഞത്. പള്ളിയിൽ മാമോദീസ മുക്കിയ കുഞ്ഞിന് തോമസ് എന്ന പേരിട്ടു. വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന ഓമനപേരും. പിതാവ് മത്തായി പണിതു നൽകിയ പുല്ലങ്കുഴൽ വായിച്ചും, വടയമ്പാടി ഗ്രാമത്തിലെ കുന്നിൻ പുറങ്ങളിൽ ആടിനെ മേയ്ച്ചും വെള്ളം ചുമന്നും, ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലെ വരികൾ ആലപിച്ചും കഴിഞ്ഞ ആ ബാലൻ ദൈവത്തിനും, ദൈവജനത്തിനും സംപ്രീതനായിത്തീർന്നു.
1958സെപ്റ്റംബർ 21 ന് പത്തനംതിട്ട മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.ഫാ. സി. എം. തോമസ് ചെറുവിള്ളിൽ എന്ന പേരിൽ വൈദിക പട്ടം സ്വീകരിച്ചു.1974 ഫെബ്രുവരി 24 ന് ഡമാസ്കസിലെ സെന്റ് ജോർജ് പാത്രിയാർക്ക കത്തിഡ്രലിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു.2002 ൽ ഡമാസ്കസിൽ വച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. ആധുനിക യാക്കോബായ സഭയുടെ ശില്ലി എന്നു പറയേണ്ടി വരും ഈ ഇടയ ശ്രഷ്ഠനെ. സ്നേഹ സമൃണമായ പെരുമാറ്റവും അതിഥി സൽക്കാര പ്രിയവും എളിയവരോടുള്ള സഹാനുഭാവവും എല്ലാം ബാവയെ വേറിട്ടതാക്കുന്നു.
ജന്മദിനമായ 22 തിങ്കൾ പ്രാർത്ഥനാ ദിനമായി യാക്കോബായ സഭ ആചരിക്കും അന്നേദിവസം സഭയുടെ എല്ലാ പള്ളികളിലും രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, രാവിലെ 9.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെ പരിശുദ്ധ സഭയ്ക്കു വേണ്ടിയും, ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ ആയൂരാരോഗ്യത്തിനായും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത കല്പന മുഖേന പള്ളികളിൽ അറിയിപ്പ് നൽകിയിരുന്നു.
ശ്രേഷ്ഠ ബാവായുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സഭാ തലത്തിൽ പുത്തൻകുരിശ് മോർ അത്താനാസിയോസ് പാത്രിയർക്കാ കത്തീഡ്രലിൽ തിങ്കളാഴ്ച രാവിലെ 7:30 ന് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരും വൈദികരും സഭാ ഭാരവാഹികളും സഭാ സമിതി അംഗങ്ങളും വിശ്വാസികളും സംബന്ധിക്കും. 8.30 ന് ഗ്ലോറിയയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ ബാവായുടെ ജന്മദിനത്തോടനുബന്ധിച്ച് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനവും നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന സ്നേഹ വിരുന്നിന് ശേഷം രാവിലെ 9 മുതൽ 12 വരെ പരിശുദ്ധ സഭയ്ക്കു വേണ്ടിയും ശ്രേഷ്ഠ ബാവയ്ക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥനയും ധ്യാനവും നടത്തും.