മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്‍റെ ആവശ്യം ന്യായമാണെന്ന് തെളിഞ്ഞു; റോഷി അഗസ്റ്റിന്‍

കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ വിജയിച്ചു
roshy augustine about mullaperiyar issue
റോഷി അഗസ്റ്റിൻ
Updated on

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാടിന് നിര്‍ദേശം നല്‍കിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്‍റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണ് കേരളത്തിന്‍റെ നയം. കേരളം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു സമഗ്രമായ സുരക്ഷാ പരിശോധന. അണക്കെട്ടിന്‍റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ ഇതിന്‍റെ ഭാഗമായി വരും. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ വിജയിച്ചു. ഇതിനു മുന്‍പ് 2011ലാണ് ഇത്തരമൊരു പരിശോധന നടത്തിയിരുന്നത്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഈ തീരുമാനം ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്.

സ്വതന്ത്ര വിദഗ്ധന്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. 2021ലെ ഡാം സുരക്ഷാ നിയമ പ്രകാരം ഇങ്ങനെയുള്ള പരിശോധന 2026ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്നാടിന്‍റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. സുരക്ഷാ പരിശോധനകളില്‍ ഏതെങ്കിലും ഒന്നില്‍ സുരക്ഷിതത്വം കുറവുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചാല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കേരളത്തിന്‍റെ വാദത്തിന് ബലം വര്‍ധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.