തിരുവനന്തപുരം: പൊതുജനങ്ങളുടെ ഉപയോഗത്തിനായി ജലവകുപ്പിന് കീഴിലുള്ള അതിഥി മന്ദിരങ്ങൾ നവീകരിക്കുകയും സാധ്യമായ ഇടങ്ങളിൽ പുതിയത് പണിയുകയും ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. വെള്ളയമ്പലം വെല്ലിംഗ്ടൺ വാട്ടർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കും. ജല വകുപ്പിന്‍റെ തനത് വരുമാനം വർധിപ്പിക്കുന്നതിനും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇത്തരം നപടികൾ സ്വീകരിക്കുന്നത്. പ്രദേശികവും ജനകീയവുമായ ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അനുയോജ്യമായ പ്രദേശങ്ങളിൽ വ്യൂ ടവറുകൾ സ്ഥാപിക്കും. പ്ലംപിങ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ആവശ്യമായ ടെസ്റ്റിംഗ് ലാബുകൾ ആരംഭിക്കും.
കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 190 എം എൽഡി പ്ലാന്‍റ് സ്ഥാപിക്കുന്നതിനും നാട്ടകം കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. അമൃതം പദ്ധതിയിൽ കൂടുതൽ മുനിസിപ്പാലിറ്റികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.