ലീഗിന്‍റെ രാജ്യസഭാ സീറ്റ്; വോട്ടുചോർച്ച ഭയന്ന് യുഡിഎഫ്

ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് അനുവദിച്ചതോടെ രാജ്യസഭയില്‍ യുഡിഎഫിന്‍റെ ആകെയുള്ള മൂന്ന് അംഗങ്ങളും ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായി മാറും.
ലീഗിന്‍റെ രാജ്യസഭാ സീറ്റ്; വോട്ടുചോർച്ച ഭയന്ന് യുഡിഎഫ്
Updated on

കോട്ടയം: മുസ്ലിം ലീഗിന് നല്‍കിയ രണ്ടാം രാജ്യസഭാ സീറ്റ് കോട്ടയം ഉള്‍പ്പെടെയുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമെന്ന് യുഡിഎഫിൽ ആശങ്ക. രാജ്യസഭാ സീറ്റ് ലീഗിന് നല്‍കിയതിനെതിരേ കോൺഗ്രസിനുള്ളിൽ പോലും കടുത്ത അമർഷമുണ്ട്. പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയിൽ ലീഗിന് രണ്ടാം സീറ്റ് നൽകിയത് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങള്‍ യുഡിഎഫിന്‍റെ വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മണ്ഡലങ്ങളില്‍ മുന്നണിയുടെ ജയസാധ്യതയെ പോലും ഇതു സാരമായി ബാധിച്ചേക്കാമെന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ പോലും ഭയക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം പിന്നീടൊരു തിരിച്ചുവരവ് പോലും അസാധ്യമാക്കും വിധം മുന്നണിയുടെ സാമുദായിക സന്തുലിതാവസ്ഥയെ തകിടം മറിച്ചിരുന്ന സാഹചര്യത്തിലാണ് വീണ്ടും അതേ സാഹചര്യത്തിൽ ലീഗിന്‍റെ മൂന്നാം സീറ്റ് വിവാദം. അന്നത്തേതിനു സമാനമായ നിലയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഇത്തവണയും സീറ്റ് വിവാദവും ഒടുവില്‍ രണ്ടാം രാജ്യസഭാ സീറ്റ് അനുവദിക്കലും ഉണ്ടായിരിക്കുന്നത്.

ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് അനുവദിച്ചതോടെ രാജ്യസഭയില്‍ യുഡിഎഫിന്‍റെ ആകെയുള്ള മൂന്ന് അംഗങ്ങളും ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായി മാറും. മാത്രമല്ല, യുഡിഎഫിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് - 1, മുസ്ലിം ലീഗ് - 2 എന്നതാകും കക്ഷിനില.

ലോക്സഭയില്‍ കാലങ്ങളായി മുസ്ലിം ലീഗ് 2 സീറ്റുകളില്‍ മാത്രമാണ് മല്‍സരിക്കുന്നത്. ഇത്തവണ മാത്രം അത് മൂന്നാകണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചത് കോണ്‍ഗ്രസും യുഡിഎഫും ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തിലാണ്. അതു മാത്രമല്ല, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്നിക്കുന്നതിനിടയിലാണ് ലീഗിന്‍റെ പ്രഹരം.

യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മല്‍സരം നേരിടുന്ന കോട്ടയത്തും പത്തനംതിട്ടയിലും ഇത് യുഡിഎഫ് സാധ്യതകളെ സാരമായി ബാധിക്കും. എറണാകുളത്തും ഇടുക്കിയിലും ഇത് യുഡിഎഫ് വോട്ട് വിഹിതത്തെ ബാധിക്കുമെങ്കിലും സ്വതവേ മുൻ‌തൂക്കം ഉള്ളതിനാൽ അത് ജയസാധ്യതയെ ബാധിക്കില്ലെന്നാണ് കരുതുന്നത്. ഇടുക്കിയിലും അതുതന്നെയാണ് സാഹചര്യം.

Trending

No stories found.

Latest News

No stories found.