കെഎസ്ഇബി വെട്ടിയ വാഴയ്ക്ക് വിലയിട്ടു; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വെട്ടിമാറ്റിയ കുലവാഴകൾക്ക് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ നൽകാൻ മന്ത്രിതലത്തിൽ തീരുമാനം‌
കെഎസ്ഇബി അധികൃതർ വെട്ടി നശിപ്പിച്ച വാഴകൾ. പശ്ചാത്തലത്തിൽ ഹൈടെൻഷൻ ലൈനും കാണാം.
കെഎസ്ഇബി അധികൃതർ വെട്ടി നശിപ്പിച്ച വാഴകൾ. പശ്ചാത്തലത്തിൽ ഹൈടെൻഷൻ ലൈനും കാണാം.
Updated on

തിരുവനന്തപുരം: കോതമംഗലം പുതുപ്പാടിയിൽ കുലച്ച വാഴകൾ കെഎസ്ഇബി അധികൃതരുടെ നിർദേശപ്രകാരം വെട്ടിനശിപ്പിച്ച സംഭവത്തിൽ, കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൃഷി - വൈദ്യുതി വകുപ്പ് മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. കുലച്ച വാഴകൾക്ക് 150 രൂപ വീതവും കുലയ്ക്കാത്തവയ്ക്ക് 100 രൂപ വീതവും നൽകാമെന്ന മുൻ നിർദേശം നിരാകരിക്കപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിമാർ നേരിട്ട് ചർച്ച ചെയ്ത് ധാരണയിലെത്തിയത്.

കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് യുവ കർഷകൻ അനീഷിന്‍ തോട്ടത്തിലെ വാഴകളാണ് കെഎസ്ഇബി അധികൃതർ നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ വെട്ടിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം.

എന്നാൽ, ഒരു മുന്നറിയിപ്പും നൽകാതെയായിരുന്നു കെഎസ്ഇബിയുടെ നടപടിയെന്ന് അനീഷ് വെളിപ്പെടുത്തിയിരുന്നു. വെട്ടി നശിപ്പിച്ചതിൽ മിക്കതും കുലച്ച വാഴകളായിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് അനീഷ് അന്നു തന്നെ വ്യക്തമാക്കിയിരുന്നതാണ്.

ഹൈടെൻഷൻ ലൈനിനു കീഴിൽ വാഴ പ്രശ്നമാണെങ്കിൽ, അത് കുലയ്ക്കുന്നതു വരെ എന്തിനു കാത്തിരുന്നു എന്ന ചോദ്യമാണ് കെഎസ്ഇബി അധികൃതർക്കു നേരേ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നത്.

Trending

No stories found.

Latest News

No stories found.