തിരുവനന്തപുരം: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവുമാക്കുന്ന 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വ്യാപകമായ അധികാരങ്ങള്‍ നല്‍കാനും ഭേദഗതി ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
മാലിന്യം വലിച്ചെറിയുന്നതിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വര്‍ധിപ്പിച്ചു. പിഴയടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശികയായി കണക്കാക്കും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകള്‍ പൂര്‍ണമായും തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിക്ഷിപ്തമാണെന്ന് ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നു. യൂസര്‍ ഫീസ് അടച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ തടയാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ടെന്നും വ്യവസ്ഥ ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ഭേദഗതി ഓര്‍ഡിനന്‍സുകള്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നു.